സംസ്ഥാന ബാലാവകാശ കമ്മീഷനിൽ അനധികൃത നിയമനനീക്കം; ജില്ലാ ജഡ്ജിയായി വിരമിച്ച മുൻ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തെ ചെയർപേഴ്സണാക്കാൻ ധാരണ | VIDEO
by Jaihind News Bureauകൊവിഡിന്‍റെ മറവിൽ സംസ്ഥാന ശിശു ക്ഷേമസമിതി ഭാരവാഹികളെ തെരഞ്ഞെടുപ്പ് കൂടാതെ നിയമിച്ചതിനു തൊട്ടുപിന്നാലെ നിയമവിരുദ്ധമായി അപേക്ഷ സമർപ്പിച്ചയാളെ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണായി നിയമിക്കാൻ അണിയറ നീക്കം. ജില്ല ജഡ്ജിയായി കഴിഞ്ഞമാസം സർവീസിൽ നിന്ന് വിരമിച്ച മുൻ സി.പി.എം ജില്ലാ പഞ്ചായത്തംഗം കൂടിയായ വനിതയെ ചെയർപേഴ്സണാക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിൽ ധാരണയായിരിക്കുന്നതെന്നാണ് സൂചന.
ബാലാവകാശ കമ്മീഷൻ ആളെ തീരുമാനിച്ചുറപ്പിച്ച ശേഷം ഇന്‍റർവ്യൂ നടത്തുന്നു എന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്നതിനിടെയാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സിപിഎം അനുഭാവിയെ കൊണ്ടുവരാനുള്ള ചരടുവലികൾ പുറത്തുവരുന്നത്. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ സ്ഥാനത്തേക്ക് സാമൂഹികനീതി വകുപ്പ് ഇക്കഴിഞ്ഞ മാർച്ചിൽ ആണ് അപേക്ഷ ക്ഷണിച്ചത്. ഏപ്രിൽ 15 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാൻ ആദ്യം സമയം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് ഒരാഴ്ചത്തേക്ക് കൂടി സമയം നീട്ടി നൽകി. അപേക്ഷിച്ചവരിൽ നിശ്ചിത യോഗ്യതയുള്ളവർക്കായി കഴിഞ്ഞ രണ്ടുദിവസം ഓൺലൈൻ ഇൻറർവ്യൂ നടത്തിയാണ് നിയമനം നടത്തുന്നത്.
അപേക്ഷിച്ച 44 പേരിൽ 27 പേരെയാണ് രണ്ട് ദിവസമായി നടക്കുന്ന അഭിമുഖത്തിന് ക്ഷണിച്ചിരുന്നത്. സർക്കാർ സർവീസിലും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവർ മേലധികാരികൾ വഴി അപേക്ഷിക്കണമെന്നാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ചെയർപേഴ്സൺ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ള സി പി എം അനുഭാവി കൂടിയായ വനിത വ്യവസ്ഥ ലംഘിച്ചാണ് അപേക്ഷ നൽകിയതെന്നാണ് ആക്ഷേപം.
പ്രാഥമിക പരിശോധനയിൽ നിരസിക്കപ്പെടേണ്ട അപേക്ഷ ഭരണ സ്വാധീനം കാരണം നിരസിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ഇവരെ ഇന്‍റര്‍വ്യൂവിനും ക്ഷണിച്ചു. അതിനിടെയാണ് മുൻ സി.പി.എം ജില്ലാ പഞ്ചായത്തംഗം കൂടിയായ ഇവരെ കമ്മിഷൻ ചെയർപേഴ്സണാക്കാൻ സി.പി.എം നേതൃത്വത്തിൽ ഏകദേശ ധാരണയായിരിക്കുന്നത്. അതേസമയം വനിത ജഡ്ജി റിട്ടയർ ചെയ്യന്നത് വരെ നിയമനത്തിനുള്ള ഇന്‍റർവ്യൂ നീട്ടികൊണ്ടുപോയതും നിയമപ്രകാരമല്ലാതെയുള്ള അപേക്ഷ സ്വീകരിച്ചതുമായ നടപടി കമ്മീഷന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ നിയമാനുസൃതമല്ലാത്ത അപേക്ഷകൾ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ശിശു ക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആര്‍. എസ് ശശികുമാറും കൺവീനർ ഉള്ളൂർ മുരളിയും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.