https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/27/covid-test-rep.jpg

മകൾക്ക് കോവിഡ് ഉണ്ടായിരുന്നില്ല: മരണം ചികിത്സാപിഴവ് മൂലമെന്ന് ദമ്പതികൾ

by

മലപ്പുറം ∙ മഞ്ചേരി പയ്യനാട് സ്വദേശിയുടെ 4 മാസം പ്രായമായ മകൾ മരിച്ചത് കോവിഡ് മൂലമല്ലെന്ന് മാതാപിതാക്കൾ. ന്യുമോണിയയും ഹൃദയ സംബന്ധമായ അസുഖവുമുണ്ടായിരുന്ന കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്ന് പിതാവ് മുഹമ്മദ് അഷ്റഫും മാതാവ് ആഷിഫയും ആരോപിച്ചു. പരിശോധനയിൽ വന്ന പിഴവു മൂലമാണ് കുഞ്ഞിന് കോവിഡ് ആണെന്നു പറയുന്നത്. 

കുഞ്ഞിന്റെ ആദ്യ സാംപിൾ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലും മരണശേഷം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. കുഞ്ഞിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്നു കണ്ടെത്താനായിട്ടില്ല. കുഞ്ഞിനെ പരിചരിച്ച മാതാവിനോ അടുത്ത ബന്ധുക്കൾക്കോ രോഗബാധയുണ്ടായിട്ടില്ല. 33 ബന്ധുക്കളുടെ സ്രവം പരിശോധിച്ചിട്ടും ആർക്കും കോവിഡ് ഉള്ളതായി കണ്ടെത്താനായില്ലെന്നും ഇവർ പറഞ്ഞു. 

ആദ്യ പരിശോധനയ്ക്കെടുത്ത അതേ സാംപിൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിച്ചപ്പോൾ നെഗറ്റീവെന്ന ഫലമാണ് ലഭിച്ചതെന്നു കുടുംബം നടത്തിയ അന്വേഷണത്തിൽ അറിഞ്ഞതായും അഷ്റഫ് പറഞ്ഞു. എന്നാൽ പിഴവ് മറച്ചു വയ്ക്കാനുള്ള ശ്രമമാണ് നടത്തിയത്. കുഞ്ഞിന്റെ പരിശോധനാഫലങ്ങൾ പല തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ ആരോഗ്യവകുപ്പിൽനിന്നു ലഭിച്ചില്ല. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഏപ്രിൽ 21 ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുഞ്ഞിന് 22ന് ആണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 24ന് കുഞ്ഞ് മരിച്ചു.

English Summary: The 4-Month-Old died in kerala had Heart Problems, Pneumonia not affected with covid says parents