https://img.manoramanews.com/content/dam/mm/mnews/news/spotlight/images/2020/5/27/malappuram-daimond.jpg

മാലിന്യക്കൂമ്പാരത്തിൽ 'ഡയമണ്ട്'; തേടിച്ചെന്ന് തിരിച്ചേൽപ്പിച്ചു; മാതൃക

by

വീട്ടിൽ അടിച്ചുകൂട്ടി വച്ചിരുന്ന മാലിന്യം ഏറ്റെടുത്ത് കൊണ്ടുപോകുന്നതിനിടയിൽ കിട്ടിയ ഡയമണ്ട് കമ്മൽ വീട്ടുകാരെ തിരിച്ചേൽപിച്ച്‌ ശുചീകരണത്തൊഴിലാളികൾ. രണ്ട് വർഷം മുൻപ് കാണാതായ കമ്മലാണ് തിരികെ ലഭിച്ചത്.. കൊല്ലൻപടി സ്വദേശി ചേനാത്തയിൽ ജ്യോതി, തെക്കേഅവായിൽ രമ്യ എന്നിവരാണ് മാതൃകയായത്. സിന്ധുവിന്റെ വീട്ടിലെ കൊച്ചുമകൾക്ക് വാങ്ങിയ ഡയമണ്ട് കമ്മലാണ് രണ്ട് വർഷം മുൻപ് കാണാതായത്. അന്ന് കുട്ടി കളിക്കാൻ പോയിരുന്ന 4 വീടുകളിലടക്കം സകല മുക്കിലും മൂലയിലും അരിച്ചു പെറുക്കിയിരുന്നു. 

കഴിഞ്ഞദിവസം ദിവസം വീട്ടിലെത്തിയ ശുചീകരണത്തൊഴിലാളികൾ മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നതിനിടയിൽ തിളക്കം കണ്ടു നോക്കിയപ്പോൾ ഡയമണ്ട് കമ്മൽ. ഉടൻ തന്നെ വീട്ടുകാരെ വിളിച്ച് കമ്മൽ തിരിച്ചുനൽകി. കമ്മൽ തിരിച്ചുകിട്ടിയതിൽ മതിമറന്ന വീട്ടുകാരുടെ സന്തോഷം കണ്ടുകൊണ്ട് ഉള്ളുനിറഞ്ഞ് ജ്യോതിയും രമ്യയും ചെറുപുഞ്ചിരിയോടെ മാലിന്യം ശേഖരിക്കാൻ അടുത്ത വീട്ടിലേക്ക് നടന്നു. ഡയമണ്ടിൽ കണ്ടതിനേക്കാൾ വലിയ തിളക്കം മാലിന്യവുമായി പടിയിറങ്ങിയ രമ്യയിലും ജ്യോതിയിലും ആ വീട്ടുകാ‍ർ കണ്ടു..