ബെവ്ക്യൂ ഉച്ചയോടെ പ്‌ളേസ്‌റ്റോറില്‍, ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ വരെ ; നാലു ദിവസത്തെ ഇടവേള, 30 ലക്ഷം പേര്‍ക്ക് വരെ ടോക്കണ്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398818/bev-co.jpg

സംസ്ഥാനത്ത് ഇതാദ്യമായി ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പന ക്രമീകരിക്കാനുള്ള തയ്യാറെടുപ്പുമായി സംസ്ഥാന സര്‍ക്കാര്‍. മദ്യ വിതരണ തിരക്ക് നിയന്ത്രിക്കാനായി തയ്യാറാക്കിയ ആപ്പിന് കഴിഞ്ഞ ദിവസം ഗൂഗിള്‍ അനുമതി നല്‍കിയതോടെ ഇന്ന് മൂന്നരയ്ക്ക് എക്‌സൈസ് മന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ആപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയ ശേഷം നാളെ മുതല്‍ മദ്യം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. ഒരേ സമയത്ത് 30 ലക്ഷം പേര്‍ക്ക് ഒരുമിച്ച് ടോക്കണ്‍ എടുക്കാന്‍ കഴിയുന്ന നിലയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്നാണ് വാദം.

വെബ്ക്യൂ ആപ്പ്, ഇങ്ങിനെ എടുക്കാം

ബെവ് ക്യൂ ആപ്പ് ഇന്ന് ഉച്ചയോടെ പ്‌ളേസ്‌റ്റോര്‍/ ആപ്പ് സ്‌റ്റോര്‍ എന്നിവയില്‍ എത്തും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. ആദ്യം മദ്യം, ബീയര്‍/വൈന്‍ എന്നിവയില്‍ ആവശ്യമുള്ളത് തെരഞ്ഞെടുക്കുക. പിന്നീട് പിന്‍കോഡ് അനുസരിച്ച സമീപത്തുള്ള മദ്യശാല തെരഞ്ഞെടുക്കുക. എത്തേണ്ട സമയവും ക്വിക്ക് റെസ്‌പോണ്‍സ് കോഡും ഫോണില്‍ വരും. മദ്യം വാങ്ങാനെത്തുമ്പോള്‍ ഉപഭോക്താവ് കാട്ടുന്ന ഫോണിലെ ക്യൂ ആര്‍ കോഡ് ജീവനക്കാരന്‍ സ്‌കാന്‍ ചെയ്യും.

എസ്എംഎസ് ഉപയോഗിച്ചുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇങ്ങിനെ

സാധാരണ ഫോണുകളില്‍ നിന്നും മദ്യം വാങ്ങാന്‍ മെസേജ് വഴി വിര്‍ച്വല്‍ ക്യൂവിന്റെ ഭാഗമാകാം. ബിഎല്‍ എന്നും വൈന്‍ വാങ്ങാനാണെങ്കില്‍ മെസേജ് എടുത്ത് ബിഡബ്‌ള്യൂ എന്നും കോഡ് അടിക്കുക. അതിന് ശേഷം സ്‌പേസ് ഇട്ട് പിന്‍കോഡും അടുത്ത സ്‌പേസ് ഇട്ട് പേരും ടൈപ്പ് ചെയ്യുക ഇത് ബെവ് കോയുടെ പ്രത്യേക നമ്പറിലേക്ക് അയയ്ക്കണം.

ഇതിന് മറുപടിയായ വിഎം - ബിഇവിസിഒക്യൂ എന്ന സെന്‍ഡര്‍ ഐഡിയില്‍ നിന്നും തിരികെ എസ്എംഎസ് ആയി ടോക്കണ്‍ ലഭിക്കും. എത്തേണ്ട മദ്യശാലയും സമയവും ഇതില്‍ ഉണ്ടായിരിക്കും. എസ്എംഎസ് ആയി കിട്ടുന്ന ടോക്കണ്‍ കാട്ടി മദ്യം വാങ്ങാം.

മദ്യം പരമാവധി മൂന്ന് ലിറ്റര്‍ വരെ ; നാലു ദിവസത്തെ ഇടവേള

അതേസമയം ഒരിക്കല്‍ ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ് പരമാവധി മൂന്ന് ലിറ്ററാണ്. നാലു ദിവസത്തെ ഇടവേളയ്ക്ക് ശേഷമേ വീണ്ടും വാങ്ങാനാകു. ആപ്പ് ഉപംയോഗിക്കുന്ന രീതി സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കും.

പ്രവര്‍ത്തനം വിശദീകരിക്കുന്ന വീഡിയോയും തയ്യാറാക്കുന്നുണ്ട്. വിവിധ സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയ ആശങ്കകള്‍ പരിഹരിച്ചാണ് ഗൂഗിളിന്റെ അനുമതിക്കായി ആപ്പ് നല്‍കിയത്. വ്യാഴാഴ്ച മുതല്‍ ടോക്കണ്‍ നല്‍കി മദ്യം വില്‍ക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതേസമയം ടോക്കണ്‍ തുകയിലെ 50 പൈസ പോകുന്നത് ആപ്പ് തയ്യാറാക്കിയ കമ്പനിക്കാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.