ജിംബോഡിയും സിക്‌സ്പായ്ക്കും, സ്ത്രീ സ്വാതന്ത്ര്യ പോസ്റ്റും ; സുജി ലേഡി ഡോക്ടര്‍മാരെ കിടപ്പറയില്‍ എത്തിച്ചിരുന്നത് ഇങ്ങിനെ ; കേസ് സിബിസിഐഡിയ്ക്ക്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398810/suji.jpg

ഹിന്ദി സിനിമാതാരങ്ങളെ പോലെ ജിം ബോഡിയും സിക്‌സ്പായ്ക്കും സൗന്ദര്യവും പിന്നെ പണവും ആഡംബരബൈക്കും. പിന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് സൗന്ദര്യ ചിത്രങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ച് പോസ്റ്റും. ആദ്യം സൗഹൃദം. പിന്നീട് പ്രണയവും ശാരീരിക ബന്ധവും. ഇതിനിടയില്‍ കിടപ്പറ രംഗത്തിന്റെ വീഡിയോ പകര്‍ത്തി അവ വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടലും. ഇരകളെല്ലാം ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. നാഗര്‍കോവിലില്‍ പ്രണയനാടകത്തില്‍ പെടുത്തി പെണ്‍കുട്ടികളില്‍ നിന്നും പണം തട്ടിയ കേസുകളില്‍ സുജിയെന്ന കാശി ഇരകളാക്കിയത് 100 ലധികം സ്ത്രീകളെ. കേസ് ഇപ്പോള്‍ പോകുന്നത് സിബിസിഐഡിയുടെ കയ്യിലേക്ക്

ഏഴുലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ ഉണ്ടായിരിക്കുന്ന കേസ് സിബിസിഐഡിയ്ക്ക് കൈമറാനാണ് തീരുമാനം. സുജിയുടെ വിദേശബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് കന്യാകുമാരി എസ്പിയാണ് സിബിസിഐഡിയ്ക്ക് കേസ് കൈമാറാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 24 ന് പിടിയിലായ യുവാവില്‍ നിന്നും അനേകം ദൃശ്യങ്ങളും നഗ്നഫോട്ടോകളും നേരത്തേ കണ്ടെത്തിയിരുന്നു. ഇവ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ സഹായിച്ച ജിനോ എന്നയാളും അറസ്റ്റിലായിരുന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളെയും ഡോക്ടര്‍മാരെയുമാണ് ഇയാള്‍ ഇരയാക്കിയത്. കന്യകുമാരി മുതല്‍ ചെന്നൈ വരെയുള്ള യുവതികള്‍ ഇയാള്‍ക്ക് ഇരയായിട്ടുണ്ട്. തമിഴിലെ ഒരു നടന്റെമകളും പോലീസ് ഉദ്യോഗസ്ഥന്റെ മകളും കൂട്ടത്തിലുണ്ട്. സോഷ്യല്‍ മീഡിയവഴിയാണ് ഇയാള്‍ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. സ്ത്രീപക്ഷ വാദിയെന്ന വ്യാജേനെ സ്ത്രീസ്വാതന്ത്ര്യ ചര്‍ച്ചകളും മറ്റും ഇട്ടാണ് ഇയാള്‍ ആളെ പിടികൂടിയിരുന്നത്. പൈലറ്റ്, അഭിഭാഷകന്‍, വ്യവസായി എന്നിങ്ങനെ കാശി പ്രൊഫൈല്‍ മാറിമാറി ഉപയോഗിച്ചായിരുന്നു ബന്ധങ്ങള്‍. യുവതികളെ വീഴ്ത്താന്‍ ഫോട്ടോഷോപ്പില്‍ ഇട്ട് മുഖം മിനുക്കി പുതിയ സ്റ്റൈലില്‍ സ്വന്തം ചിത്രം മാറ്റിമാറ്റി ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

സ്ത്രീകളില്‍ നിന്നും പണം തട്ടിയിരുന്ന ഇയാള്‍ തനിക്ക് പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ നേരത്തേ പകര്‍ത്തിയ അശ്‌ളീല ചിത്രം കാട്ടി ഇത് പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തും. വിദേശങ്ങളില്‍ അടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിസിഐഡിയ്ക്ക് കേസ് കൈമാറാന്‍ ശുപാര്‍ശ ഉണ്ടായത്. നേരത്തേ ഇയാളുടെ കയ്യിലെ മൊബൈലും ലാപ്പ്‌ടോപ്പുകളും പെന്‍ഡ്രൈവുകളും പോലീസ് പിടിച്ചെടുത്തിരുന്നു. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കും. സമാന രീതിയില്‍ ഇന്റര്‍നെറ്റില്‍ അശ്‌ളീലദൃശ്യം പകര്‍ത്തി അപ്‌ലോഡ് ചെയ്യുന്ന പൊള്ളാച്ചിയില്‍ നിന്നും ഒരു സംഘം നേരത്തേ പിടിയിലായിരുന്നു. ഈ കേസില്‍ വിചാരണ തുടങ്ങാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. നടന്‍ കാര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണം നടത്തിയിരുന്നു.