വസ്തുതകള്‍ വളച്ചൊടിച്ച് രാഹുല്‍ ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നു- ബിജെപി
ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി. വസ്തുതകളെ മനഃപൂര്‍വ്വം വളച്ചൊടിച്ച് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
'സത്യത്തേയും വസ്തുതകളേയും മനഃപൂര്‍വ്വം വളച്ചൊടിച്ചുള്ള ക്യാമ്പയിനിലൂടെയാണ് രാഹുല്‍ ഇന്ത്യയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. നിഷേധാത്മക പ്രചരിപ്പിക്കുകയും തെറ്റായ കീര്‍ത്തിക്കുവേണ്ടി നടക്കുകയും ചെയ്യുന്നു.' രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ലോക്ക്ഡൗണ്‍ കോവിഡിനെ തടയാന്‍ പരിഹാരമല്ലെന്നാണ് രാഹുല്‍ പറയുന്നത്. എന്നിട്ട് എന്തു കൊണ്ടാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഇക്കാര്യം പഠിപ്പിക്കാത്തതെന്നും അവര്‍ നിങ്ങളുടെ വാക്കുകള്‍ക്ക് വില നല്‍കുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.
ലോക്ക്ഡൗണ്‍ ആദ്യം പ്രഖ്യാപിച്ച സംസ്ഥാനം പഞ്ചാബാണ്. തുടര്‍ന്ന് രാജസ്ഥാനും. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പു തന്നെ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയത് മഹാരാഷ്ട്രയും പഞ്ചാബുമാണെന്നും അദ്ദേഹം പറഞ്ഞു.
'മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും 52,000 കോടി രൂപയാണ് അനുവദിച്ചത്. എല്ലാവര്‍ക്കും ഭക്ഷണവും മറ്റുസാധനങ്ങളും നല്‍കുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രചോദനം നല്‍കുന്ന കാര്യത്തില്‍ പോലും രാഹുല്‍ ഗാന്ധി രാജ്യത്തിനെതിരായിരുന്നു. സ്വാതന്ത്ര്യത്തിനായി കശ്മീര്‍ പോരാടുകയാണെന്ന് ചിത്രങ്ങളിലൂടെ പറയാന്‍ ശ്രമിച്ച പുലിറ്റ്സര്‍ വിജയിയെ പോലും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.' രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നാലുഘട്ടങ്ങളിലായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം പൂര്‍ണ്ണ പരാജയമാണെന്നും സര്‍ക്കാരിന്റെ തന്ത്രങ്ങളെല്ലാം പാളിയെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ലോക്ക്ഡൗണ്‍ പരാജയമാണ് രാജ്യം ഇപ്പോള്‍ അനുഭവിച്ചുക്കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
Content Highlights: Coronavirus-Rahul Gandhi is weakening India’s COVID fight-Ravi Shankar Prasad.