കിണറ്റില്‍ കണ്ടെത്തിയ ലോക്കറിനും നോട്ടുകെട്ടുകള്‍ക്കും അവകാശിയായി; അന്വേഷണം വഴിത്തിരിവിലേക്ക്‌

https://www.mathrubhumi.com/polopoly_fs/1.4784890.1590481689!/image/image.jpg_gen/derivatives/landscape_894_577/image.jpg
കുന്നംകുളം പെലക്കാട്ടുപയ്യൂരിൽ കിണറിൽനിന്ന് ലഭിച്ച ലോക്കറിലെ ആയിരം രൂപയുടെ അവശിഷ്ടം

കുന്നംകുളം: പെലക്കാട്ടുപയ്യൂരില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍നിന്ന് ലോക്കര്‍ കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക്. കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറുകളിലേക്ക് മരുന്ന് സപ്ലൈ ചെയ്യുന്ന കൈപ്പറമ്പിലെ ഗോഡൗണിന്റെ മാനേജരുടെ കാബിന്‍ പൊളിച്ച് മോഷണം നടത്തിയ ലോക്കറാണെന്ന സൂചന ലഭിച്ചു. 2014 ഒക്ടോബര്‍ 11-നാണ് ഗോഡൗണില്‍ മോഷണം നടന്നത്. 2.96 ലക്ഷം രൂപ അതിലുണ്ടായിരുന്നു.

ലോക്കര്‍ മോഷ്ടിച്ചതിന് പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷിച്ചിരുന്നു. എന്നാല്‍ ലോക്കര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കളക്ഷന്‍ തുകയായ 1000 രൂപയുടെ 248 നോട്ടുകള്‍, 500 രൂപയുടെ 93 നോട്ടുകള്‍, 100 രൂപയുടെ 15 നോട്ടുകള്‍ എന്നിങ്ങനെയാണ് ലോക്കറില്‍ ഉണ്ടായിരുന്നത്. മോഷ്ടിച്ച ലോക്കര്‍ തുറക്കാന്‍ കഴിയാതെ കൊണ്ടുപോകുന്ന വഴിയില്‍ കിണറില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം.

കുന്നംകുളം പോലീസിന്റെ അന്വേഷണമാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. അന്വേഷണത്തിന് എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ചു. ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. കെ.ജി. സുരേഷ്, സി.പി.ഒ.മാരായ സുമേഷ്, മെല്‍വിന്‍, വൈശാഖ്, അഭിലാഷ്, ഹരികൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുള്ളത്.

Content Highlights: locker found in a well in kunnamkulam; got information about theft