സഹോദരിയുടെ പ്രണയവിവാഹത്തിന് സഹായിച്ചെന്ന് തെറ്റിദ്ധരിച്ചു; കവര്‍ച്ച നടത്തിയ 10 പേര്‍ പിടിയില്‍

https://www.mathrubhumi.com/polopoly_fs/1.4787438.1590566544!/image/image.jpg_gen/derivatives/landscape_894_577/image.jpg
അറസ്റ്റിലായ പ്രതികള്‍

ചാവക്കാട്: ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി യുവാവിന്റെ കാറും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ 10 പേരെ അറസ്റ്റു ചെയ്തു. വെന്മേനാട് പൈങ്കണ്ണിയൂര്‍ സ്വദേശികളായ മമ്മസ്രായില്ലത്ത് അനീസ്(25), മമ്മസ്രായില്ലത്ത് ആദില്‍(19),കറുപ്പംവീട്ടില്‍ ഷജീര്‍(33),മമ്മസ്രായില്ലത്ത് ഷെഫീഖ്(പെപ്പി-21), പുതുവീട്ടില്‍ താജുദ്ദീന്‍(40), മാനാത്തുപറമ്പില്‍ നസീര്‍(30), വൈശ്യംവീട്ടില്‍ ഹാരിസ്(28),പോക്കാക്കില്ലത്ത് ഫൈസല്‍(36), മമ്മസ്രായില്ലത്ത് താജുദ്ദീന്‍(32), നാലകത്ത് പള്ളത്ത് റംഷാദ്(24) എന്നിവരെയാണ് കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ. അനില്‍കുമാര്‍ ടി.മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഒരുമനയൂര്‍ സ്വദേശി വല്ലത്തുപടി വീട്ടില്‍ ഷാരൂഖി(24)ന്റെ കാറും പോക്കറ്റിലുണ്ടായിരുന്ന 13,000 രൂപയുടെ മൊബൈല്‍ ഫോണുമാണ് പ്രതികള്‍ തട്ടിയെടുത്തത്.24-ന് രാത്രി ഒമ്പതിന് ഒറ്റത്തെങ്ങിലാണ് സംഭവം.

കേസിലെ ഒന്നാം പ്രതി അനീസിന്റെ സഹോദരിയെ ഷാരൂഖിന്റെ കൂട്ടുകാരന്‍ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതിന് ഷാരൂഖ് സഹായിച്ചെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികള്‍ കാറും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.എസ്.ഐ. യു.കെ. ഷാജഹാന്‍, എ.എസ്.ഐ. ആന്റണി ജിംപിള്‍, സി.പി.ഒ.മാരായ ശരത്ത്, ഷിനു, ഷൈജു, വനിതാ സി.പി.ഒ. സൗദാമിനി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Content Highlights: theft and attack against youth; 10 arrested in chavakkad thrissur