https://assets.doolnews.com/2020/04/ministry-399x227.jpg

തിരുവനന്തപുരം കളക്ടര്‍ക്കും ആലപ്പുഴ കളക്ടര്‍ക്കും സ്ഥലംമാറ്റം; റവന്യൂ സെക്രട്ടറിയേയും മാറ്റി

by

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി. തിരുവനന്തപുരത്തേയും ആലപ്പുഴയിലേയും കളക്ടര്‍മാര്‍ക്കാണ് സ്ഥലംമാറ്റം. തിരുവനന്തപുരം കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി. തിരുവനന്തപുരം കളക്ടറായി നവജ്യോതി സിങ് ഖോസയെയാണ് നിയമിച്ചത്. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

ആലപ്പുഴ കളക്ടറായിരുന്ന എം. അജ്ഞനയെ കോട്ടയത്തേക്കാണ് മാറ്റിയത്. വി. വേണുവിനെ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. ആസൂത്രണ ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റം. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ടി.കെ ജോസ് ആഭ്യന്തര സെക്രട്ടറിയാകും.

കാര്‍ഷികോത്പ്പാദന കമ്മീഷണറായി ഇഷിത റോയിയെയും നിയമിച്ചു.

കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്തയെ ആണ് നിയമിച്ചത്.  നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ചീഫ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

1986 ബാച്ച് ഐ.എ.എസുകാരനാണ് ഡോ. വിശ്വാസ് മെഹ്ത. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസുണ്ട്.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ളതും ഡോ. വിശ്വാസ് മെഹ്തയ്ക്ക് അനുകൂല ഘടകമായി. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്.

1984 ബാച്ച് ഐ.എ.എസ് ഓഫീസറായ ടോം ജോസ് 2018 ജൂലൈയിലാണ് സംസ്ഥാനത്തിന്റെ 45-ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചേക്കുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക