തെറ്റു ചെയ്തിട്ടില്ല; ബന്ധുക്കൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞ് സൂരജ്

by

അടൂർ∙ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിനെ അടൂർ പറക്കോട്ടെ വസതിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്നു രാവിലെ പതിനൊന്നോടെയാണ് സൂരജുമായി പൊലീസ് അടൂർ പാറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിനായി എത്തിയത്. വീട്ടിലെത്തിയ സൂരജ് ബന്ധുക്കളുടെ മുന്നിൽ പൊട്ടിക്കരയുകയും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങൾക്കു മുന്നിൽ പറയുകയും ചെയ്തു. 

തന്നെ ഭീക്ഷണപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നു സൂരജ് പറഞ്ഞു. ഉത്രയുടെ വീട്ടിൽ എത്തിച്ചപ്പോൾ അവിടെ തന്റെ വിരലടയാളം  ഭിത്തിയിൽ അന്വേഷണ സംഘം പതിപ്പിച്ചതായും സൂരജ് ആരോപിച്ചു.

സൂരജിന്റെ കിടപ്പുമുറുയിലും വീട്ടിലെ സ്വീകരണമുറുയുലും ടെറസിലും തെളിവെടുപ്പ് നടന്നു. ഉത്ര ആദ്യം പാമ്പിനെ കണ്ട സ്ഥലത്തെത്തി അന്നു നടന്ന കാര്യങ്ങൾ വീശദീകരിച്ചു. ടെറസിൽ പോയി പാമ്പനെ വലിച്ചെറിഞ്ഞതും പറഞ്ഞു.

വീട്ടിലെ തെളിവെടുപ്പിന് ശേഷം അടൂരിലെ ബാങ്കിലും സൂരജുമായി പോയി തെളവടുപ്പു നടത്തും. ലോക്കറിൽ സൂക്ഷിച്ച ഉത്രയുടെ സ്വർണാഭരണങ്ങൾ എടുക്കാൻ സൂരജ് ബാങ്കിൽ പോയിരുന്നതായാണ് സൂചന. കൂട്ടുപ്രതിയായ സുരേഷ് സൂരജിന് പാമ്പിനെ കൈമാറിയ ഏനാത്ത് പാലത്തിന് സമീപവും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെവെച്ചാണ് സുരേഷ് പാമ്പിനെ നൽകിയതെന്നായിരുന്നു സൂരജിന്റെ മൊഴി.

ഞായറാഴ്ചയാണ് ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സൂരജിനെ അറസ്റ്റു ചെയ്തത്. ശനിയാഴ്ച സൂരജിന്റെ വീട്ടിലേക്ക് പൊലീസ് എത്തിയെങ്കിലും അവിടെ നിന്ന് സൂരജ് കടന്നിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തു പോയ സൂരജിനെ ഒരു സുഹൃത്ത് സഹോദരിയുടെ സുഹൃത്തിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. സൂരജിനെ കൊണ്ടുപോയ സുഹൃത്തിനെ പിടികൂടുകയും സഹോദരിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവുമാണ് സൂരജിനെ കുടുക്കിയത്. 

English Summary : Anchal Uthra Murder case: Police examination with Sooraj in his house