യുദ്ധഭീതിയിലേക്ക് വീണ്ടും അതിര്‍ത്തി; ഇന്ത്യ-ചൈന സൈനിക ബലാബലം എങ്ങനെ?
by മനോരമ ലേഖകൻന്യൂഡല്‍ഹി ∙ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തി സംഘര്‍ഷം ഇതാദ്യമായല്ല. എന്നാല്‍ ദോക്‌ലയ്ക്കു ശേഷം ഇതാദ്യമായാണ് സംഘര്‍ഷം ഇത്രത്തോളം മൂർച്ഛിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 1962-ലെ സമ്പൂര്‍ണയുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് അതിര്‍ത്തിയില്‍ അരങ്ങേറിയിട്ടുള്ളത്. 1975-നും ശേഷം വലിയതോതില്‍ വെടിവയ്പു പോലും ഉണ്ടായിട്ടില്ല.
എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരുവിഭാഗവും അതിര്‍ത്തിയില്‍ സൈനികവിന്യാസം വര്‍ധിപ്പിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണു കാര്യങ്ങള്‍ മാറിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ചൈനീസ് സൈന്യം പല മേഖലകളിലും ഇന്ത്യയുടെ സൈനികശക്തി പരീക്ഷിക്കുന്ന നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ഈ മാസം ആദ്യമാണ് ഏറ്റവും ഒടുവില്‍ ഇരു സൈന്യങ്ങളും നേര്‍ക്കുനേര്‍ എത്തിയത്. മേയ് 5 ന് ലഡാക്കിലെ പാന്‍ഗോങ് സോ തടാകത്തിനു സമീപം സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസ്സപ്പെടുത്തിയതാണ് പ്രശ്‌നത്തിനു കാരണമായത്. നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തര്‍ക്കമാണ് മിക്കപ്പോഴും സംഘര്‍ഷത്തിന് ഇടയാക്കാറുള്ളത്. മേയ് 9 ന് 15000 അടി ഉയരത്തില്‍ ടിബറ്റിനു സമീപത്തുള്ള നാക്കു ലാ മേഖലയില്‍ സൈനികര്‍ തമ്മില്‍ കല്ലേറുണ്ടായി. മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരെ തിരിച്ചോടിക്കാനായിരുന്നു ചൈനീസ് നീക്കം. ആയുധങ്ങള്‍ ഉപയോഗിച്ചില്ലെങ്കിലും നിരവധി സൈനികര്‍ക്കു പരുക്കേറ്റു. മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 2016-2018 കാലയളവില്‍ 1,025 തവണയാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചത്. 2017 ല്‍ ദോക്‌ലയില്‍ രണ്ടു മാസത്തോളമാണ് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നിന്നത്. ഭൂട്ടാനും ചൈനയും അവകാശവാദമുന്നയിക്കുന്ന സ്ഥലമാണ് ദോക്‌ല. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ജൂണ്‍ 16 ന് ഈ മേഖലയില്‍ റോഡ് നിര്‍മിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്. ജൂണ്‍ 18 ന് ഓപ്പറേഷന്‍ ജുണിപെറിന്റെ ഭാഗമായി 270 ഇന്ത്യന്‍ സൈനികര്‍ രണ്ടു ബുള്‍ഡോസറുകളുമായി സിക്കിം അതിര്‍ത്തി കടന്ന് ദോക്‌ലയിലെത്തി. മേഖലയില്‍ റോഡ് നിര്‍മിക്കുന്നതിനെതിരെ ഭൂട്ടാനും രംഗത്തെത്തി. ഇതിനിടയില്‍ ദോക്‌ല ചൈനയുടെ ഭാഗമാണെന്നു കാട്ടുന്ന ഭൂപടം ചൈന പുറത്തുവിട്ടു. എന്നാല്‍ 2012-ലെ ധാരണ ലംഘിക്കുന്ന നടപടിയാണ് ചൈനയുടേതെന്ന് ഇന്ത്യ തിരിച്ചടിച്ചു. ഒടുവില്‍ ഓഗസ്റ്റ് 28 ന് സൈനികരെ മേഖലയില്‍നിന്നു പിന്‍വലിക്കുന്നതായി ഇരുരാജ്യങ്ങളും അറിയിച്ചതോടെയാണ് സംഘർഷത്തിന് അറുതിയായത്.
1988 ല്‍ സുഡേുറോങ് ചു താഴ്‌വരയില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷമുണ്ടായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചൈനീസ് പ്രധാനമന്ത്രി ഡെങ് ഷിയാപിങ്ങിനെ സന്ദര്‍ശിച്ചു സമാധാന ചര്‍ച്ച നടത്തി. അതിര്‍ത്തി പ്രശ്‌നം താല്‍ക്കാലികമായി മാറ്റിവച്ച് വിശാലതാല്‍പര്യം മുന്‍നിര്‍ത്തി സഹകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക, വാണിജ്യ താല്‍പര്യങ്ങളാണ് അത്തരത്തിലൊരു കരാര്‍ എളുപ്പത്തില്‍ സാധ്യമാക്കിയത്.
1988 ല്‍ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക നിലയില്‍ വലിയ അന്തരം ഉണ്ടായിരുന്നില്ല. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ ജിഡിപി 297 ബില്യൻ ഡോളറും ചൈനയുടേത് 312 ബില്യൻ ഡോളറുമായിരുന്നു. ഇന്ത്യയുടെ പ്രതിരോധച്ചെലവ് 10.6 ബില്യൻ ഡോളറും ചൈനയുടേത് 11.4 ബില്യനും ആയിരുന്നു. എന്നാല്‍ 2018 ആയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ചൈനയുടെ ജിഡിപി 13.6 ട്രില്യൻ ഡോളറും ഇന്ത്യയുടേത് 2.7 ട്രില്യൻ ഡോളറുമായി. അഞ്ചിരട്ടി വര്‍ധന. 2019 ല്‍ ചൈനയുടെ പ്രതിരോധച്ചെലവ് 261.1 ബില്യൻ ഡോളറായി വര്‍ധിച്ചു. ഇന്ത്യയുടേത് 71.1 ബില്യൻ ഡോളര്‍ ആയിരുന്നു. കഴിഞ്ഞ മൂന്നു ദശകത്തിനുള്ളില്‍ ഇന്ത്യ സാമ്പത്തികശക്തിയായി വളര്‍ന്നെങ്കിലും ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ പിന്നിലാണ്.
2018 ലെ ആഗോളസാമ്പത്തിക മാന്ദ്യത്തിനു ശേഷമാണ് ചൈന വിദേശകാര്യ നിലപാടുകള്‍ കൂടുതല്‍ കര്‍ശനമാക്കിയതെന്നാണു വിലയിരുത്തല്‍. ദക്ഷിണ ചൈനാക്കടലില്‍ കൃത്രിമ ദ്വീപ് നിര്‍മിക്കുന്നതു മുതല്‍ കോവിഡ് കാലത്ത് സൈനിക ശക്തി പ്രകടിപ്പിക്കുന്നതു വരെ മുഷ്‌ക് പിടിച്ച നിലപാടിലേക്കു ചൈന മാറി. ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യ കൂടുതല്‍ നിര്‍ണായക റോളിലേക്കു മാറുന്നതും അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതും ചൈനയുടെ നിലപാടു മാറ്റത്തിനു പിന്നിലുള്ള കാരണങ്ങളാകാമെന്നാണ് പ്രതിരോധ രംഗത്തുള്ള വിദഗ്ധരുടെ വിലയിരുത്തല്‍.
അടുത്തിടെ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ വുഹാനിലും മാമല്ലപുരത്തും ഉച്ചകോടികള്‍ നടത്തി പ്രധാനപ്പെട്ട പല കരാറുകളിലും ഒപ്പുവച്ചുവെങ്കിലും അതിര്‍ത്തിവിഷയം ഉള്‍പ്പെടെയുള്ള മുഖ്യവിഷയങ്ങളില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അസാധാരണവും അതിസങ്കീണര്‍വുമായ ബന്ധം എന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ വിശേഷിപ്പിക്കുന്നത്. അതിര്‍ത്തി തര്‍ക്കത്തിനപ്പുറം ദലൈലാമയുടെ സാന്നിധ്യവും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന പ്രശ്‌നമാണ്. പാക്കിസ്ഥാന്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നതും ഇന്ത്യക്കു നീരസമുണ്ടാക്കുന്ന വിഷയമാണ്.
കൊറോണ അനന്തരം പുതിയൊരു ലോകക്രമത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ പ്രധാന എതിരാളികളായ അമേരിക്കയുമായും ജപ്പാനുമായും ഇന്ത്യ സഖ്യമുണ്ടാക്കുന്നു. അതേസമയം ചൈനയാകട്ടെ അമേരിക്കയെ മറികടക്കാന്‍ റഷ്യയുമായി കൂടുതല്‍ ചങ്ങാത്തത്തിലാകുന്നു. ഒറ്റ ശത്രുരാജ്യവുമായി പോലും അതിര്‍ത്തി പങ്കിടേണ്ടിവരുന്നില്ല എന്നതാണ് അമേരിക്കയുടെ ഭാഗ്യമെന്നു പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ഭാഗ്യം മുന്‍പ് യുദ്ധമുണ്ടായ രാജ്യങ്ങളുമായി ഏറെ ദൂരത്തില്‍ അതിര്‍ത്തി പങ്കിടേണ്ടിവരുന്നു എന്നതു തന്നെയാണ്.
അടുത്തിടെ കശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയില്‍ പാക്ക് അധിനിവേശ കശ്മീരും ചൈനയുടെ ഭാഗത്തുള്ള അക്‌സായ് ചീനും തിരികെ അവകാശപ്പെടുന്നതിനെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. പാക്കിസ്ഥാനെ മാത്രമല്ല ചൈനയെയും ഇതു ചൊടിപ്പിച്ചിരുന്നു. യുഎന്നില്‍ ചൈന ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യ-ചൈന സൈനിക ബലാബലം
അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതകള്‍ തെളിയുമ്പോള്‍ എപ്പോഴും ഉയരുന്ന ചോദ്യമാണ് ചൈനയുടെ സൈനികശേഷിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കു കഴിയുമോ എന്നത്. ചൈനയ്ക്ക് സൈനികമായി മുന്‍തൂക്കമുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യവും ഒട്ടും പിന്നിലല്ല. 23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. പ്രതിരോധച്ചെലവിന്റെ കാര്യത്തില്‍ ചൈന ഏറെ മുന്നിലാണ് - 261.1 ബില്യൻ ഡോളര്‍. ഇന്ത്യയുടേത് 71.1 ബില്യൻ ഡോളര്‍. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങള്‍ ചൈനയ്ക്കുള്ളപ്പോള്‍ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്‌ടേഴ്‌സിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമില്ല. ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും.
ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വന്‍കിട പോര്‍ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോര്‍വെറ്റ് പോര്‍ക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോള്‍ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോര്‍വെറ്റ് പോര്‍കപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോള്‍ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.
ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 വരും. 1271 പോര്‍ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാന്‍സ്‌പോര്‍ട്ടറുകളും 352 റെയ്ഡർ എയര്‍ ക്രാഫ്റ്റുകളുമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളില്‍ 206 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്. ഇന്ത്യന്‍ വ്യോമസേനയിലെ വിമാനങ്ങളുടെ എണ്ണം 2102 വരും. ഇതില്‍ 676 എണ്ണം പോര്‍ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാന്‍സ്‌പോര്‍ട്ടറുകളും 323 റെയ്ഡർ എയര്‍ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതില്‍ 16 എണ്ണം അറ്റാക്കര്‍ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് സേനയ്ക്കു സര്‍വീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ എണ്ണം 507 എണ്ണവും ഇന്ത്യയുടേത് 346 ഉം ആണ്.
ചൈനീസ് വ്യോമശക്തി പൂര്‍ണമായി ഇന്ത്യക്കെതിരെ വിന്യസിക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ശക്തമായ ആക്രമണം നടത്തണമെങ്കില്‍ അതിര്‍ത്തിയില്‍നിന്നു കുറഞ്ഞത് 300 കിലോമീറ്റര്‍ അകലെയെങ്കിലും യുദ്ധവിമാനങ്ങള്‍ വിന്യസിക്കണം. എന്നാല്‍ ഇന്ത്യക്കെതിരെ ചൈയ്ക്ക് യുദ്ധവിമാനങ്ങള്‍ ടിബറ്റിലോ സമീപത്തോ മാത്രമേ വിന്യസിക്കാനാവൂ. ഇൗ മേഖലയില്‍ അതിനുള്ള സൗകര്യം പരിമിതമായതു ചൈനയ്ക്കു തിരിച്ചടിയാകും. ടിബറ്റില്‍ അഞ്ച് എയര്‍ഫീല്‍ഡുകളും സിങ്ചിയാങ്ങില്‍ രണ്ടെണ്ണവുമാണ് ചൈനയ്ക്കുള്ളത്. കൂടുതല്‍ എയര്‍ഫീല്‍ഡുകള്‍ ടിബറ്റില്‍ സജ്ജമാക്കുകയാണ് ചൈന. ഈ എയര്‍ഫീല്‍ഡുകള്‍ തമ്മിലുള്ള ദൂരക്കൂടുതലും ചൈനയെ വലയ്ക്കുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.
അണ്വായുധത്തിന്റെ കാര്യത്തിലും ചൈനയാണു മുന്നില്‍. 270 അണ്വായുധങ്ങളാണ് അവര്‍ക്കുള്ളത്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും ചൈനയ്ക്കു സ്വന്തം. ചൈനയ്ക്ക് കുറഞ്ഞത് 90 ലേറെ ഭൂഖണ്ഡാന്തര മിസൈലുകളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതില്‍ 66 എണ്ണം കരയില്‍നിന്നു കരയിലേക്ക് തൊടുക്കാവുന്നതും 24 എണ്ണം കടലില്‍നിന്ന് തൊടുക്കാവുന്നതുമാണ്. ഇന്ത്യക്ക് 130 ആണവായുധങ്ങളാണുള്ളത്. കുറഞ്ഞ മിസൈല്‍ പരിധി 150 കിലോമീറ്ററാണ്. അഗ്‌നി 5 മിസൈലുകള്‍ 5000 –6000 കിലോമീറ്റര്‍ പരിധിയുള്ളതാണ്. ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലായ സൂര്യയ്ക്ക് 16,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താനാകും.
English Summary: China’s war preparedness against India – a comparison of military and air power