സ്ത്രീകളെ ക്രൂരമായി മർദിച്ച് പൊലീസ്; അച്ചടക്ക നടപടിയെന്ന് വിചിത്രവാദം
by സ്വന്തം ലേഖകൻസ്ത്രീളെ ക്രൂരമായി മർദിച്ച് ഡൽഹി പൊലീസ്. 65 വയസ്സുള്ള സ്ത്രീക്കും മകൾക്കും മരുമകൾക്കുമാണ് മർദനമേറ്റത്. വടക്കു–കിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്കിനു സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 60 വയസ്സുള്ള മുന്നി ഭായിക്കും മകൾ സോണിയ, മരുമകൾ അൽമയ എന്നിവർക്കും പരുക്കേറ്റു. പൊലീസുകാർ നന്നായി മദ്യപിച്ചിരുന്നതായും പണം ആവശ്യപ്പെട്ടതായും മർദനമേറ്റവർ പറയുന്നു.
പൊലീസ് കോൺസ്റ്റബിൾമാരായ ജയചന്ദ്, സഞ്ജീവ് എന്നിവരാണ് സ്ത്രീകളെ മർദിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്ത്രീകളെ മർദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
സംഭവത്തെ കുറിച്ച് മുന്നി ഭായി പറയുന്നത് ഇങ്ങനെ: ''രണ്ട് പതിറ്റാണ്ടായി ബീഹാറി ബിൽഡിങ്ങിനു സമീപമുള്ള ചെറിയ വീട്ടിലാണ് ഞങ്ങളുടെ താമസം. തിങ്കളാഴ്ച രാത്രി ഏകദേശം 8.30യോടെയായിരുന്നു സംഭവം. അടുത്തിടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നിരുന്നു. മേൽക്കൂരയിൽ ടാർപോളിനിടാൻ ശ്രമിക്കുകയായിരുന്നു ഞങ്ങൾ. ആ സമയത്ത് രണ്ട് പൊലീസുകാർ അവിടെ എത്തി ഞങ്ങളോട് കയർത്തു. മേൽക്കൂരയിൽ ടാർപോളിനിടണ്ട എന്ന് അവർ ഞങ്ങളോട് പറഞ്ഞു''.
''എന്റെ കയ്യിൽ പണമില്ലെന്ന് അവരോട് പറഞ്ഞു. ബഹളം കേട്ട് എന്റെ മരുമകൻ ബബ്ലു വന്നു. നാളെ തന്നെ ഇവിടെ നിന്ന് താമസം മാറുമെന്നും പണം നൽകാൻ കഴിയില്ലെന്നും അവൻ അവരോട് പറഞ്ഞു. എന്നാൽ പൊലീസുകാർ ഇത് കേൾക്കാൻ തയാറായില്ല. ഇതൊടെ പൊലീസുകാർ ഞങ്ങളോട് മോശമായ രീതിയിൽ സംസാരിക്കാൻ തുടങ്ങി. എതിർത്ത ബബ്ലുവിനെയും അവർ മർദിച്ചു. ബബ്ലുവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച ഞങ്ങളെയും അവർ വടികൊണ്ട് അടിക്കുകയായിരുന്നു'', കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കു നേരെ മുൻപും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയുണ്ട്. ശാസ്ത്രി പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലം ഒത്തുതീർപ്പാക്കാനായിരുന്നു പൊലീസിന്റെ ശ്രമം. നീതി തേടി കാത്തിരിക്കുകയാണ് മുന്നി ഭായി ഇപ്പോൾ.