കോവിഡിൽ ‘കുടുങ്ങിയ’ ഗർഭിണിക്ക് കരുതലായി; ഉദ്യോഗസ്ഥന് കയ്യടി; മാതൃക
by ആർദ്ര എസ് കൃഷ്ണകോവിഡ് കാലത്ത് ആശങ്കകളുടെ വാർത്തകൾ നിറയുമ്പോൾ ഏത് പ്രതിസന്ധിയിലും കർത്തവ്യബോധത്തോടെ പെരുമാറുന്ന ഒരു പറ്റം പൊലീസ് ഉദ്യോഗസ്ഥർ നാടിന്റെ കരുത്താണ്. അങ്ങനെ ഒരാളാണ് കോട്ടയം ജില്ലാ സെപെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്തനായ ബി.ഗോപകുമാർ എന്ന് ഈ സംഭവം സാക്ഷ്യം പറയുന്നു. സാധാരക്കാർണക്കായുള്ള അദ്ദേഹത്തിന്‍റെ പകരം വയ്ക്കാനാവാത്ത സേവനങ്ങൾക്ക് ഡിജിപിയിൽ നിന്ന് അനുമോദനവും ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
കോട്ടയം സ്വദേശിയായ ശ്വേതയാണ് തികച്ചും അത്യാവശ്യഘട്ടത്തിൽ തന്നെയും കുടൂംബത്തെയും സഹായിച്ച ഉദ്യോഗസ്ഥനെ കുറിച്ച് ഡിജിപിക്ക് കത്തയച്ചത്. അന്നത്തെ സാഹചര്യത്തെ കുറിച്ച് മനോരമ ന്യൂസ് ഡോട് കോമിനോട് മനസ്സ് തുറക്കുകയാണ് ശ്വേത.
ബെംഗളൂരിവിൽ നിന്ന് പ്രസവത്തിനായി നാട്ടിലേക്ക് എത്താനിരിക്കുമ്പോഴാണ് കോവിഡും ലോക്ഡൗണും ശ്വേതയെയും കുടൂംബത്തെയും പ്രതിസന്ധിയിലാക്കിയത്. ബെംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന ഇവർ ഏപ്രൽ 24ന് കോട്ടയത്തെത്തി. എന്നാൽ തുടർന്നുള്ള പരിശോധനയിൽ ശ്വേതയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന റിപ്പോർട്ട് ലഭിച്ചു. തികച്ചും ആശങ്കാജനമായ അവസ്ഥയിൽ നാലു ദിവസമാണ് ഗർഭിണിയായ ഇവർ കോവിഡ് വാർഡിൽ കഴിഞ്ഞത്. എന്നാൽ തുടർന്നുള്ള പരിശോധനയില്‍ നെഗറ്റീവ് കാണിക്കുകയും കോവിഡില്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതിനിടയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ചുമതലയുള്ള ഗോപകുമാർ ഇവരുടെ വിവരങ്ങൾ ശേഖരിക്കാനും പുരോഗതികളറിയാനുമായി ബന്ധപ്പെടുന്നത്. ആദ്യം കോവിഡ് പോസിറ്റീവാണെന്നറിഞ്ഞ ദിവസങ്ങൾ ആശങ്കകളുടേതായിരുന്നു. കോട്ടയം റെഡ് സോണും. ഇതിനിടയിൽ പലതവണ പാസിനായും മറ്റുമെല്ലാം ശ്വേതയുടെ കുടൂംബം ഗോപകുമാറിനെ സമീപിച്ചു. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഇവർക്കായി അവസ്ഥ മനസ്സിലാക്കി അദ്ദേഹം പ്രവർത്തിച്ചു.
'എല്ലാ അവസരത്തിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും സഹായിക്കാനുമെല്ലാം അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. പൊലീസ് എന്ന ധാരണ തന്നെ പാടെ മാറി. ഇത്രയധികം സഹകരണം ഒരിക്കലും പ്രതീക്ഷിച്ചില്ല. വ്യത്യസ്തനായൊരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. അതുകൊണ്ടാണ് ഡിജിപിയ്ക്ക് സേവനങ്ങളെ കുറിച്ച് ഒരു മെയിൽ അയക്കാമെന്ന് തീരുമനിക്കുന്നത്. അതിന്‍റെ പേരിൽ അദ്ദേഹത്തെ ഡിപ്പാർട്ട്മെൻറ് അനുമോദിച്ചതിലും വളരെ അധികം സന്തോഷമുണ്ട്. നേരിട്ട് കണ്ട് അഭിനന്ദിക്കണമെന്നാണ് ആഗ്രഹം'. ശ്വേത പറയുന്നു.
അതേസമയം, ഗുഡ് സർവ്വീസ് എൻട്രിയെ കുറിച്ച് ചോദിച്ചാൽ കോട്ടയം വൈക്കം സ്വദേശിയായ ഈ ഉദ്യോഗസ്ഥന്‍റെ വാക്കുകളിങ്ങനെ: ‘26 വർഷമായി സർവ്വീസിലുണ്ട്. ജോലിയുടെ ഭാഗമാണിതെല്ലാം'. വിഷയത്തെക്കുറിച്ചുള്ള പ്രതികരണവും ചുരുക്കം ചില വാക്കുകളിൽ ഒതുക്കി ബി ഗോപകുമാർ വീണ്ടും തന്‍റെ ഉത്തരവാദിത്തങ്ങളിലേക്ക് കടന്നു. ദിവസങ്ങൾക്ക് മുൻപ് ശ്വേത ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.