മകളുടെ നെഞ്ചില്‍ കത്തിയിറിക്കി കൊലപ്പെടുത്തിയ ശേഷം ആ കത്തിവീശി നാട്ടുകാരെ പേടിപ്പിച്ചു ; 53 പ്രധാന സാക്ഷികളോളം കൂറുമാറിയപ്പോള്‍ കേസില്‍ പ്രതി നിരപരാധിയായി
മലപ്പുറം: മകളുടെ നെഞ്ചില്‍ കത്തിയിറിക്കി കൊലപ്പെടുത്തിയ ശേഷം ആ കത്തിവീശി കാട്ടിയായിരുന്നു രാജന്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. ഒടുവില്‍ പോലീസ് എത്തിയപ്പോള്‍ കീഴടങ്ങിയതും ഇതേ ആയുധവുമായിട്ടായിരുന്നു. എന്നിട്ടും രണ്ടു വര്‍ഷം മുമ്പ് നടന്ന ആതിരാ കൊലക്കേസില്‍ പിതാവ് അരീക്കോട് പാലത്തിങ്കല്‍ രാജനെ തെളിവില്ലാത്തതിന്റെ കോടതി വെറുതേവിട്ടു. രാജന് കേസില്‍ തുണയായി മാറിയത് കേസിലെ 53 സുപ്രധാന സാക്ഷികള്‍ കൂറുമാറിയത്.
ദുരഭിമാന കൊലപാതങ്ങള്‍ എന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മാത്രം കേട്ടു പരിചയമുള്ള കേരള സമൂഹത്തിന് ജാതി വെറിയില്‍ മകളെ പിതാവ് കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതായിരുന്നു. കേസില്‍ സുപ്രധാന സാക്ഷികളായ ആതിരയുടെ അമ്മയും സഹോദരങ്ങളും രാജന്റെ സഹോദരിയും അയല്‍ക്കാരുമെല്ലാം വിചാരണ വേളയില്‍ കൂറുമാറിയതോടെ കൊല നടത്തിയത് പിതാവാണെന്ന ഉറപ്പാക്കാന്‍ തക്ക വിധമുള്ള തെളിവുകള്‍ പ്രോസിക്യൂഷന് സമര്‍പ്പിക്കാന്‍ കഴിയാതെ പോയതാണ് തിരിച്ചടിയായത്.
2018 മാര്‍ച്ച് 22 നായിരുന്നു കേരളത്തെ ഞടുക്കിയ കൊല നടന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് വിഭാഗത്തില്‍ ടെക്‌നീഷ്യനായി താല്‍ക്കാലിക ജോലി ചെയ്തു വരികയായിരുന്നു ഈഴവ വിഭാഗത്തില്‍ പെടുന്ന ആതിര കൊയിലാണ്ടി പന്തലായനി സ്വദേശിയായ ബ്രിജേഷുമായി പ്രണയത്തിലായിരുന്നു. പട്ടാളക്കാരനായിരുന്ന ബ്രിജേഷ് മാതാവിന്റെ ചികിത്സാര്‍ത്ഥം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ച് വിവരം സ്വന്തം വീടുകളില്‍ പറഞ്ഞപ്പോള്‍ മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നത് പിതാവ് രാജന് സമ്മതമായിരുന്നില്ല. ബ്രിജേഷിനെയേ വിവാഹം കഴിക്കൂ എന്ന് ആതിര നിര്‍ബ്ബന്ധം പിടിച്ചതോടെ വഴക്കും പ്രശ്‌നങ്ങളും പതിവായി.
ഇതിനിടയില്‍ ഒത്തുതീര്‍പ്പ് എന്ന രീതിയില്‍ രാജന്‍ പിന്നീട് മകളുടെ വിവാഹത്തിന് സമ്മതിക്കുകയും ചെയ്ത ശേഷമായിരുന്നു കൊലപാതകം. മാര്‍ച്ച് 23 ന് വിവാഹം നടക്കാനിരിക്കെ തലേദിവസം രാജന്‍ ആതിരയെ കത്തിക്കിരയാക്കി. വിവാഹ തലേന്ന് മദ്യപിച്ചെത്തി ബഹളമുണ്ടക്കിയ രാജന്‍ വിവാഹ വസ്ത്രം കത്തിച്ചു. ആതിര പേടിച്ച് അയല്‍പക്കത്തെ വീട്ടിലേക്ക് ഓടിക്കയറി. പച്ചക്കറി അരിയാനുള്ള കത്തിയുമായി അവിടേയ്ക്ക് എത്തിയ രാജന്‍ മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ആതിരയെ പിടിച്ചുയര്‍ത്തി നെഞ്ചില്‍ കത്തിയിറക്കി. ബഹളം കേട്ടും വിവരമറിഞ്ഞും ഓടിയെത്തിയ നാട്ടുകാരെ കത്തിവീശി കാട്ടി ഭീഷണിപ്പെടുത്തിയ രാജന്‍ പോലീസ് എത്തിയപ്പോള്‍ കീഴടങ്ങുകയായിരുന്നു.
വിവാഹാലോചന തുടങ്ങിയപ്പോഴായിരുന്നു ആതിര തന്റെ പ്രണയം വീട്ടില്‍ അറിയിച്ചത്. എന്നാല്‍ മരുമകനാകാന്‍ പോകുന്നയാള്‍ സ്ഥിരവരുമാനവും മാന്യമായ ജോലിയുള്ള ആളായിട്ടും പട്ടികജാതിയില്‍ പെടുന്നയാളാണ് എന്നതായിരുന്നു രാജന്‍ കണ്ട കുറവ്. താഴ്ന്നജാതിക്കാരനെക്കൊണ്ടു മകളെ കെട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാജന്‍ ബ്രിജേഷിനെ വിളിച്ചു പറയുക പോലും ചെയ്തു. സമ്മര്‍ദ്ദം കൂടിയപ്പോള്‍ ഒരു ഘട്ടത്തില്‍ ആതിര ബ്രിജേഷുമായി പിരിയാന്‍ വരെ തീരുമാനം എടുത്തിരുന്നതായിട്ടാണ് വിവരം. എന്നാല്‍ ശക്തമായ പ്രണയം അവരെ വീണ്ടും കൂട്ടി യോജിപ്പിക്കുകയും എന്തു പ്രതിസന്ധി വന്നാലും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ നിന്നും ബ്രിജേഷ് ആറുമാസ ലീവിന് വന്ന സമയത്തായിരുന്നു ആതിരയ്ക്ക് വീട്ടുകാര്‍ വിവാഹാലോചന സജീവമാക്കിയത്. പെണ്ണുകാണാന്‍ ആള്‍ക്കാര്‍ വരുന്നതിന് മുമ്പ് ആതിര ബ്രിജേഷിനൊപ്പം ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശിലേക്ക് പോയി. എന്നാല്‍ അരീക്കോട് സ്‌റ്റേഷനില്‍ നിന്നും വിളി വരികയും നാട്ടിലെത്തണം എന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെ രണ്ടുപേരും തിരിച്ചു നാട്ടിലേക്ക് വീണ്ടും വന്നു. പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ബ്രിജേഷുമായുള്ള വിവാഹത്തിന് രാജന്‍ സമ്മതിച്ചു. പിന്നാലെയാണ് വിവാഹത്തലേന്ന് മകളെ കുത്തിക്കൊലപ്പെടുത്തിയത്.