ലോക് ഡൗണില്‍ റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റ് ചെലവ് തിരിച്ചു നല്‍കാതെ കമ്പനികള്‍
by Kvartha Omegaകണ്ണൂര്‍: (www.kvartha.com 27.05.2020) ലോക് ഡൗണിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ട വിമാനങ്ങളുടെ ടിക്കറ്റ് തുക തിരികെ നല്‍കാതെ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എയര്‍ ലൈന്‍സ് കമ്പനികള്‍ യാത്രക്കാരെ വട്ടം കറക്കുന്നു. ആയിരക്കണക്കിന് യാത്രക്കാരുടെ ടിക്കറ്റ് തുക കയ്യില്‍ വെച്ച് നിക്ഷേപ ലാഭമുണ്ടാക്കുന്ന വിമാന കമ്പനികളുടെ ഈ ഒത്തു കളി കണ്ടില്ലെന്ന് നടിക്കുകയാണ് വ്യോമയാന വകുപ്പ്. അന്താരാഷ്ട്ര-ആഭ്യന്തര വിമാന സര്‍വീസ് സമ്പൂര്‍ണമായി തുടരവെയാണ് ആദ്യം അന്താരാഷ്ട്ര സര്‍വീസും തുടര്‍ന്ന് ഇന്ത്യയിലെ ആഭ്യന്തര സര്‍വീസ് മാര്‍ച്ച് 25 നും റദ്ദാക്കിയത്.
യാത്രക്കാരുടെ ഭീമമായ തുകയാണ് ട്രാവല്‍ ഏജന്‍സികളും ഓണ്‍ലൈന്‍ ബുക്കിങ് ഏജന്‍സികളും എയര്‍ ലൈന്‍സ് ബുക്കിങ്ങ് സൈറ്റുകളും വഴി നിക്ഷേപിക്കപ്പെട്ടത്. എയര്‍ ഇന്ത്യയെ പോലുള്ള പൊതുമേഖലാ ഏജന്‍സികളും മേക്ക് മൈ ട്രിപ്പ് പോലുള്ള വിശ്വസ്തമെന്ന് കരുതുന്ന ഓണ്‍ലൈന്‍ ബുക്കിങ്ങ് ഏജന്‍സികളും ഇത് വരെയും യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കിയിട്ടില്ല. ബന്ധപ്പെട്ട ഏജന്‍സികള്‍ യാത്രക്കാര്‍ക്ക് മതിയായ മറുപടി നല്‍കാനുള്ള മാന്യത പോലും കാണിച്ചില്ല എന്നാണ് യാത്രക്കാരുടെ പരാതി.
മാര്‍ച്ച് 25 മുതല്‍ റദ്ദാക്കപ്പെട്ട വിമാനങ്ങളുടെ ടിക്കറ്റ് തുക തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട വിശദീകരണം പോലും രണ്ട് മാസം കഴിഞ്ഞിട്ടും മേക്ക് മൈ ട്രിപ്പ് പോലുള്ള ഏജന്‍സികള്‍ നല്‍കിയിട്ടില്ല. ഇതേ കാലയളവില്‍ റദ്ദാക്കപ്പെട്ട ട്രെനുകളുടെ ടിക്കറ്റ് തുക ഐആര്‍സിടിസി രണ്ടാഴ്ചക്കകം യാത്രക്കാര്‍ക്ക് തിരികെ നല്‍കി കഴിഞ്ഞു. സാധാരണ സര്‍വീസ് വേളയില്‍ യാത്രക്കാരന് സ്വയം റി ഷെഡ്യൂല്‍ ചെയ്യാനാവും. യാത്രക്കാരന്റെതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങിയാല്‍ ഒന്നുകില്‍ റീഷെഡ്യൂല്‍ അല്ലെങ്കില്‍ മുഴുവന്‍ തുകയും തിരികെ നല്‍കുകയും പതിവാണ്.
ലോക് ഡൗണില്‍ റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ ടിക്കറ്റെടുത്തവര്‍ക്ക് ഈ രണ്ട് ഒപ്ഷനുകളും ലഭ്യമായില്ല. സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ അറിയിപ്പ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ഭാഗികമായി സര്‍വീസ് പുനരാരംഭിച്ചിട്ടും വിമാന കമ്പനികളും ബുക്കിങ്ങ് ഏജന്‍സികളും മൗനം തുടരുന്നു. പുനരാരംഭിച്ച സര്‍വീസിന് കൊള്ളയടിക്കുന്ന നിരക്ക് ഈടാക്കുന്നതിന് റീഷെഡ്യൂല്‍ നടപടി പാരയാവുമെന്നത് കൊണ്ടാണീ മൗനം. വ്യോമയാന മന്ത്രാലയം റദ്ദാക്കപ്പെട്ട ടിക്കറ്റ് തുക പൂര്‍ണ്ണമായും യാത്രക്കാര്‍ക്ക് ഉടനെ തിരികെ നല്‍കാനോ റീഷെഡ്യൂലില്‍ ഉള്‍പ്പെടുത്താനോ കാര്യമായ നടപടി സ്വീകരിക്കാത്തതില്‍ പരക്കെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Keywords: Kannur, News, Kerala, Flight, Ticket, Lockdown, Air ticket, Cost, Lockdown Air ticket cost