കൊറോണയെ അവഗണിക്കുന്നത് ട്രോജന്‍ കുതിരകളെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യം- തെലങ്കാന ഹൈക്കോടതി

https://www.mathrubhumi.com/polopoly_fs/1.4753160.1589213635!/image/image.jpg_gen/derivatives/landscape_894_577/image.jpg

ഹൈദരാബാദ്:  കോവിഡ് പരിശോധനാ നിരക്ക് കുറഞ്ഞിരിക്കുന്നതില്‍ തെലങ്കാന സര്‍ക്കാരിനെ വിമര്‍ശിച്ച് തെലങ്കാന ഹൈക്കോടതി. രോഗപരിശോധന നടത്തുന്നത് കുറയ്ക്കുന്നത് ട്രോജന്‍ കുതിരകളെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്നും സാമ്പത്തിക പരാധീനതകള്‍ക്ക് പിന്നില്‍ സര്‍ക്കാര്‍ മറഞ്ഞിരിക്കാന്‍ പാടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

മികച്ച ഭരണത്തില്‍ മനുഷ്യജീവന് പ്രമുഖമായ സ്ഥാനമുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. രോഗബാധ സ്ഥിരീകരിക്കാന്‍ സാധ്യത കൂടിയ ആളുകളില്‍ പരിശോധന നടത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പുറമെ മൃതദേഹങ്ങളില്‍  കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തിയിരിക്കണമെന്നും കോടതി ഉത്തരവിട്ടു.

ലോക്ക്ഡൗണ്‍ കാലത്ത് തിരികെ എത്തിയ കുടിയേറ്റ തൊഴിലാളികളില്‍ എത്ര പേരില്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നതിന്റെ വിവരങ്ങളും കോടതി തേടിയിട്ടുണ്ട്. മാത്രമല്ല ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ പ്രഖ്യാപിക്കുന്നതിന് എന്ത് മാനദണ്ഡമാണ് സ്വീകരിക്കുന്നതെന്നും കോടതി ആരാഞ്ഞിട്ടുണ്ട്. 

കോവിഡ് ബാധ സംസ്ഥാനമ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച എത്തിയ അഞ്ച് ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടത് തെലങ്കാനയിലെ കെ. ചന്ദ്രശേഖര റാവു സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നിലവില്‍ തെലങ്കാനയില്‍ 1,920 പേരില്‍ രോഗം സ്ഥിരീകരിക്കുകയും അതില്‍ 56 ആളുകള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 

Content Highlights: Like Inviting Trojan Horse": Court Slams Telangana For Low Virus Testing