ജയലളിതയുടെ സ്വത്തുക്കള്‍ മരുമക്കൾക്ക്; സര്‍ക്കാര്‍ ശ്രമത്തിന് തിരിച്ചടി
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡന്‍ വസതി സ്മാരകമാക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ശ്രമത്തിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി.പോയസ് ഗാര്‍ഡനിലെ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമേ ആവശ്യമെങ്കില്‍ സ്മാരകമായി മാറ്റാന്‍ കഴിയൂ എന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്.
ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസ് എനനിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജയലളിതയുടെ അനന്തരവൾ ജെ ദീപയെയും അനന്തരവന്‍ ജെ ദീപക്കിനെയും എല്ലാ സ്വത്തുക്കളുടെയും നിയമപരമായ അവകാശികളായി പ്രഖ്യാപിച്ചത്. അതേസമയം വേദനിലയം തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക വസതിയാക്കാമെന്നും അതിന്റെ ഒരു ഭാഗം ആവശ്യമെങ്കില്‍ സ്മാരകമാക്കാമെന്നും കോടതി നിര്‍ദേശം വെച്ചിട്ടുണ്ട്.അനന്തരാവകാശികളുടെ അനുമതിയോടെ മാത്രമേ ഔദ്യോഗിക വസതിയാക്കി ഏറ്റെടുക്കാനാവൂ.
അന്തരിച്ച മുഖ്യമന്ത്രിയുടെ സ്വത്തുക്കളുടെ അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകന്‍ കെ. പുകഴേന്തി സമര്‍പ്പിച്ച മറ്റൊരു അപേക്ഷയും കോടതി തള്ളി.
ആളുകളാണ് തന്നെ സൃഷ്ടിച്ചതെന്നും ആളുകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും എപ്പോഴും പറയാറുള്ള ജയലളിതയുടെ സ്വത്തുക്കളുടെ ഒരു ഭാഗം പൊതുജനക്ഷേമത്തിനായി നീക്കിവെച്ചു കൂടെയെന്ന് വാദത്തിനിടെ ബെഞ്ച് വാക്കാലുള്ള നിരീക്ഷണം നടത്തിയിരുന്നു. ഉത്തരവു പുറപ്പെടുവിക്കും മുമ്പ് 2019 ഓഗസ്റ്റിലായിരുന്നു ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ദീപയും ദീപക്കും തങ്ങള്‍ക്ക് ഇതിൽ എതിര്‍പ്പില്ലെന്നും അറിയിച്ചിരുന്നു.
ജയലളിതയുടെ സ്വത്തുക്കളുടെ നിയമപരമായ ഏക അവകാശികള്‍ തങ്ങളാണെന്നും അവളുടെ പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കാനും അതിലൂടെ ജനങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും ദീപ കോടതി അറിയിച്ചിരുന്നു.
തമിഴ്നാട്ടില്‍ മുഖ്യമന്ത്രിക്ക് അഞ്ച് പതിറ്റാണ്ടിലേറെയായി ഔദ്യോഗിക വസതിയില്ല.മെയ് 22 ന് സംസ്ഥാന സര്‍ക്കാര്‍ വേദ നിലയം താത്ക്കാലികമായി കൈവശപ്പെടുത്താനുള്ള ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചിരുന്നു. വേദ നിലയത്തെ സ്മാരകമായി മാറ്റുന്നതിനുള്ള ദീര്‍ഘകാല ക്രമീകരണങ്ങള്‍ക്കായി പുരട്ച്ചി തലൈവി ഡോ. ജെ. ജയലളിത മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാനും ഓര്‍ഡിനന്‍സിലൂടെ ഉദ്ദേശിച്ചിരുന്നു.
നിര്‍ദ്ദിഷ്ട ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി, വിവരവകുപ്പ മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായും ആണ് ഫൗണ്ടേഷന്‍ സ്ഥാപിക്കാനുദ്ദേശിച്ചത്. തുടർന്ന് തങ്ങളെ അമ്മായിയുടെ സ്വത്തുക്കളുടെ അവകാശികളാവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപയും ദീപക്കും നല്‍കിയ ഹര്‍ജിയിലാണ് ബുധനാഴ്ച ഹൈക്കോടതി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
1967-ൽ ജയലളിതയുടെ അമ്മ സന്ധ്യയാണ് പോയിസ് ഗാർഡനിലെ വേദനിലയംവസതി വാങ്ങുന്നത്. അന്ന് 1.32 ലക്ഷത്തിനാണ് വാങ്ങുന്നത്. 24000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട് വീടിന്. 46 കോടി രൂപയാണ് 2016ൽ സർക്കാർ ഇതിന് വിലയിട്ടത്.
content highlights: Madras HC declares Jayalalithaa’s kin Deepa and husband as legal heirs