https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/27/Gold-Jewellery.jpg

സ്വർണ്ണം വിറ്റ് ലാഭമെടുത്ത് നിക്ഷേപകർ; രണ്ടാഴ്ചയ്ക്കുശേഷം വിലയിടിവ്

by

കൊച്ചി∙ സംസ്ഥാനത്തു സ്വർണവില രണ്ടാഴ്ചത്തെ താഴ്ന്ന നിലവാരത്തിലേക്ക്. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4275 രൂപയായി. ഒരു പവന്റെ വില 34,200 രൂപ ആയി കുറഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ പവന് 35,040 രൂപവരെ വില ഉയർന്നിരുന്നു. രാജ്യാന്തര വിപണിയിൽ നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുപ്പ് നടത്തിയതാണു വില കുറയാനുള്ള കാരണം. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1707 ഡോളറായി വില കുറഞ്ഞു. 1765 ഡോളർ വരെ കഴിഞ്ഞ ആഴ്ചകളിൽ വില ഉയർന്നിരുന്നു.

കോവിഡിനെത്തുടർന്നുള്ള സമ്പൂർണ ലോക്ഡൗൺ നീളുന്നതു സമ്പദ്ഘടനയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് വിപണികൾ കൂടുതൽ സജീവമാകുകയാണ്. ഓഹരി വിപണികളിലെ ഉണർവാണ് നിക്ഷേപകരെ സ്വർണം വിൽക്കാൻ പ്രേരിപ്പിച്ചത്. 2 മാസത്തിനു ശേഷമാണു സ്വർണ നിക്ഷേപകർ ലാഭമെടുക്കുന്നത്.

രാജ്യത്ത് മഹാരാഷ്ട്ര ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലെയും ജ്വല്ലറികൾ തുറന്നെങ്കിലും വിവാഹാഘോഷങ്ങൾ പരിമിതമായതിനാൽ വിൽപനയിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. സ്വർണാഭരണ നിർമാണ ശാലകളുടെ പ്രവർത്തനം സാധാരാണനിലയിലാകാൻ ഇനിയും സമയമെടുക്കും. ആഭ്യന്തര വിമാനസർവീസുകൾ സാധാരണ നിലയിലായെങ്കിൽ മാത്രമേ മറ്റു സംസ്ഥാനങ്ങളിലേക്ക് ആഭരണങ്ങൾ എത്തിക്കാൻ നിർമാതാക്കൾക്കു കഴിയൂ.

English Summary: Gold rate decreased after two weeks