‘ഹർഭജനും യുവരാജും നിസ്സഹായർ; ഇന്ത്യയിൽ ജനങ്ങളെ അടിച്ചമർത്തുകയാണ്’
by മനോരമ ലേഖകൻഇസ്ലാമബാദ്∙ കോവിഡ് രോഗികളെ സഹായിക്കുന്നതിനായി തന്റെ ഫൗണ്ടേഷനെ പിന്തുണച്ച ഹർഭജൻ സിങ്ങിനോടും യുവരാജ് സിങ്ങിനോടും നന്ദിയുണ്ടായിരിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. അടുത്തിടെയുണ്ടായ തർക്കങ്ങൾക്കു കാരണം അവരുടെ മുകളിലുള്ള ബലപ്രയോഗമാണെന്നും അഫ്രീദി ആരോപിച്ചു. ഇന്ത്യയിൽ ജനങ്ങളെ അടിച്ചമർത്തുകയാണെന്നും പാക്കിസ്ഥാൻ മുന്‍ ക്യാപ്റ്റൻ വാദിച്ചു. ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പാക്ക് അധിനിവേശ കശ്മീർ സന്ദർശനത്തിനിടെ അഫ്രീദി വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അഫ്രീദിക്കെതിരെ ഹർഭജൻ സിങ്ങും യുവരാജ് സിങ്ങും മറുപടിയുമായെത്തി.
ഈ വിഷയത്തിലാണ് വിശദീകരണവുമായി അഫ്രീദി തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. ഹർഭജനും യുവരാജും ആ രാജ്യത്താണു താമസിക്കുന്നത്. അവർ നിസ്സഹായരാണ്. ജനങ്ങളെ അവിടെ അടിച്ചമർത്തുകയാണെന്ന് അവർക്ക് അറിയാം. ഇതിൽ കൂടുതലൊന്നും എനിക്കു പറയാനില്ല– ഒരു പാക്കിസ്ഥാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് പിഒകെ സന്ദർശനത്തിനിടെ അഫ്രീദി അവകാശപ്പെട്ടിരുന്നു.
ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ മാത്രം വിന്യസിച്ചിരിക്കുന്നതെന്നും അഫ്രീദി ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും രംഗത്തെത്തി. അഫ്രീദിയുമായുള്ള തന്റെ ബന്ധം അടഞ്ഞ അധ്യായമാണെന്നും ഹർഭജൻ പ്രഖ്യാപിച്ചു: മനുഷ്യത്വത്തിന്റെ പേരിൽ ഒരു മനുഷ്യൻ എന്നോട് സഹായം ചോദിച്ചു, ഞാൻ സഹായിച്ചു. അതാണ് അഫ്രീദിയുടെ വിഷയത്തിൽ സംഭവിച്ചത്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധത്തിലുള്ള സഹകരണത്തിനുമില്ലെന്നും ഹർഭജൻ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അഫ്രീദിയുടെ പരാമർശങ്ങൾ ശരിക്കും നിരാശപ്പെടുത്തിയതായാണ് യുവരാജ് പ്രതികരിച്ചത്. ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. നിങ്ങളുടെ അഭ്യർഥന പ്രകാരം സഹായിക്കാൻ അന്ന് ആഹ്വാനം ചെയ്തതു മനുഷ്യത്വത്തിന്റെ പേരിലാണ്. പക്ഷേ, ഇനിയൊരിക്കലും അതുണ്ടാകില്ല’ – യുവരാജ് ട്വിറ്ററിൽ വ്യക്തമാക്കി. അഫ്രീദിക്കെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരമായിരുന്ന ഡാനിഷ് കനേരിയയും വിമർശനമുയർത്തിയിരുന്നു. അതിനു പിന്നാലെയാണ് യുവരാജിനോടും ഹർഭജനോടുമുള്ള നന്ദി അഫ്രീദി വീണ്ടും പ്രകടിപ്പിച്ചത്.
English Summary: India is a country where people are being oppressed: Afridi