മാലിന്യക്കൂമ്പാരത്തിൽ ഡയമണ്ട് കമ്മൽ; വീട്ടുകാരെ തട്ടിവിളിച്ച് അവർ അത് തിരിച്ചേൽപിച്ചു...
by മനോരമ ലേഖകൻപൊന്നാനി ∙ ‘മനസ്സിന്റെ തിളക്കമുണ്ടല്ലോ...അത് ഡയമണ്ടിനേക്കാൾ വരും..’– പള്ളപ്രം പാക്കത്ത് സിന്ധുവിന്റെ വീട്ടുകാർ ഇന്നലെ ആ തിളക്കം ശരിക്കും കണ്ടു... മാലിന്യം കൊണ്ടുപോകാൻ വീട്ടിലേക്കെത്തിയ 2 നഗരസഭാ ശുചീകരണത്തൊഴിലാളികളുടേതായിരുന്നു ആ പത്തരമാറ്റ് തിളക്കമുള്ള മനസ്സ്. വീട്ടിൽ അടിച്ചുകൂട്ടി വച്ചിരുന്ന മാലിന്യം ഏറ്റെടുത്ത് കൊണ്ടുപോകുന്നതിനിടയിൽ അവർക്ക് കിട്ടിയ ഡയമണ്ട് കമ്മൽ വീട്ടുകാരെ തട്ടിവിളിച്ച് തിരിച്ചേൽപിച്ചു.
അതും രണ്ട് വർഷം മുൻപ് കാണാതായ കമ്മൽ. കൊല്ലൻപടി സ്വദേശി ചേനാത്തയിൽ ജ്യോതി, തെക്കേഅവായിൽ രമ്യ എന്നിവരാണ് ആ ശുചീകരണത്തൊഴിലാളികൾ. സിന്ധുവിന്റെ വീട്ടിലെ കൊച്ചുമകൾക്ക് വാങ്ങിയ ഡയമണ്ട് കമ്മലാണ് രണ്ട് വർഷം മുൻപ് കാണാതായത്. അന്ന് കുട്ടി കളിക്കാൻ പോയിരുന്ന 4 വീടുകളിലടക്കം സകല മുക്കിലും മൂലയിലും അരിച്ചു പെറുക്കിയതായിരുന്നു. ഒരിടത്തുനിന്നും കിട്ടിയില്ല.
കഴിഞ്ഞദിവസം ദിവസം വീട്ടിലെത്തിയ ശുചീകരണത്തൊഴിലാളികൾ മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്നതിനിടയിൽ ഒരു തിളക്കം കണ്ടു നോക്കിയപ്പോൾ ഡയമണ്ട് കമ്മൽ. ഉടൻ തന്നെ വീട്ടുകാരെ വിളിച്ച് കമ്മൽ തിരിച്ചുനൽകി. കമ്മൽ തിരിച്ചുകിട്ടിയതിൽ മതിമറന്ന വീട്ടുകാരുടെ സന്തോഷം കണ്ടുകൊണ്ട് ഉള്ളുനിറഞ്ഞ് ജ്യോതിയും രമ്യയും ചെറുപുഞ്ചിരിയോടെ മാലിന്യം ശേഖരിക്കാൻ അടുത്ത വീട്ടിലേക്ക് നടന്നു...ഡയമണ്ടിൽ കണ്ടതിനേക്കാൾ വലിയ തിളക്കം മാലിന്യവുമായി പടിയിറങ്ങിയ രമ്യയിലും ജ്യോതിയിലും ആ വീട്ടുകാർ കണ്ടു..