'പിന്തുണയ്ക്കുന്നെന്നേയുള്ളൂ...സര്‍ക്കാരിന്റെ തീരുമാനമെടുപ്പില്‍ പങ്കില്ല' ; മഹാരാഷ്ട്രയില്‍ ബിജെപി മറിക്കാന്‍ നിലവില്‍ വന്ന മഹാ വികാസ് അഘാടി തകര്‍ച്ചയിലേക്ക്

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398793/rahulgandhi.jpg

മുംബൈ: പരാജയമല്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച പറയുമ്പോഴും മഹാരാഷ്ട്രയില്‍ ബിജെപിയെ മറിച്ച് ഭരണം പിടിച്ച മഹാ വികാസ് അഘാടി തകര്‍ച്ചയിലേക്കെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സര്‍ക്കാരിനെ പുറത്ത് നിന്നും പിന്തുണയ്ക്കുന്നു എന്നേയുള്ളെന്നും സുപ്രധാന തീരുമാനങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമുള്ള രാഹുലിന്റെ പ്രസ്താവന ശിവസേന നേതൃത്വം നല്‍കുന്ന മഹാരാഷ്ട്രയിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ തകരുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

തിങ്കളാഴ്ച ശരദ്പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയുടെ ആറു മാസം മാത്രം പ്രായമുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ ആടിയുലയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലൂടെ തന്നെ പ്രതിസന്ധിയിലായ സര്‍ക്കാരിന് രാഷ്ട്രീയ തിരിച്ചടി കൂനിന്‍മേല്‍ കുരുവായി മാറും. രോഗവും മരണവും കുറയ്ക്കാനോ നിയന്ത്രിക്കാനോ കഴിയാതെ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന വിമര്‍ശനം മുന്നണിക്കകത്ത് തന്നെ ശക്തമാണ്. ഇതിനിടയിലാണ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് രാഹുല്‍ പറഞ്ഞത്.

കോവിഡ് നിയന്ത്രണം പാളിയിരിക്കുന്ന സര്‍ക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്പ്രതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചെജ്കിലും അത്തരം ഒരു നിര്‍ദേശം ഉണ്ടായിട്ടില്ലെന്നാണ് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവീസ് പറഞ്ഞത്. സര്‍ക്കാരിനെ വലിച്ചിടാന്‍ തങ്ങള്‍ക്ക് ഒരു താല്‍പ്പര്യവും ഇല്ലെന്നും പരസ്പര വൈരുദ്ധ്യം കൊണ്ട് തന്നെ സര്‍ക്കാര്‍ വീഴുമെന്നുമായിരുന്നു ഫഡ്‌നാവീസിന്റെ പ്രതികരണം. രാഹുലിന്റെ പ്രസ്താവന മുന്നണിക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയാണെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം.

''തങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്നേയുള്ളൂ. അതിന്റെ നയപരമായ തീരുമാനങ്ങളില്‍ പങ്കില്ല. സ്വന്തം സര്‍ക്കാരിനും പിന്തുണയ്ക്കുന്ന സര്‍ക്കാരിനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.'' ഇതായിരുന്നു രാഹുല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം തന്നെ മഹാരാഷ്ട്രയില്‍ മാത്രമാണ് ഈ വ്യത്യാസം എന്നും പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പുതുച്ചേരി എന്നിവിടങ്ങളിലെ സര്‍ക്കാരില്‍ സുപ്രധാന കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോണ്‍ഗ്രസാണെന്നും പറഞ്ഞു. അതേസമയം പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ഉള്‍പ്പെടെ ഇന്ന് മുന്നണിയോഗം വിളിച്ചിരിക്കുകയാണ് താക്കറേ.