കഞ്ചാവ് ലഹരിയില്‍ മാതാപിതാക്കളെ വെട്ടിവീഴ്ത്തി; കലിതീരാതെ യുവാവ് അയല്‍വീടുകളിലും കയറി ഭീതിവിതച്ചു; ഒടുവില്‍ അറസ്റ്റ്
നീലഗിരി: നീലഗിരിയില്‍ കഞ്ചാവ് ലഹരിയില്‍ യുവാവ് മാതാപിതാക്കളെ വെട്ടി വീഴ്ത്തി. ലഹരിയില്‍ അയല്‍വീടുകളിലും കയറി ഭീതി വിതച്ച യുവാവിനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. വടിവാളുപേയാഗിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. ഗുതുതരമായ പരുക്കേറ്റ മാതാപിതാക്കളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. സ്വബോധം നഷ്ടമായ യുവാവ് നീലിഗിരിയെ മണിക്കൂറുകളോളമാണ് ഭീതിയിലാക്കിയത്.
വെല്ലിങ്ടണിലെ രാജാറാം എന്ന യുവാവാണ് മാതാപിതാക്കളായ രാമചന്ദ്രനെയും റാണിയേയും ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ലഹരി ഉപയോഗിച്ചതിന് യുവാവിനെ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് യുവാവ് പ്രകോപിതനാവുകയായിരുന്നു. കഴുത്തിലും കൈകളിലുമാണ് ഇയാള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും രക്ഷിച്ചത്. ഇരുവരുടെയും നില ഗുരുതരമാണ്. രക്ഷിക്കാനെത്തിയ നാട്ടുകാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് യുവാവിനെ കീഴപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു ഊട്ടി ജയിലേക്കയച്ചു. ഇരുവരെയും രക്ഷിക്കാനെത്തിയ നാല് പ്രദേശവാസികള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.