കോവിഡ്: പ്രതിദിന പരിശോധന 3000 ആക്കും; അത്യാവശ്യഘട്ടത്തിൽ 5000 പരിശോധന വരെ
by വെബ് ഡെസ്ക്തിരുവനന്തപുരം> അത്യാവശ്യഘട്ടത്തിൽ 5000 കോവിഡ് പരിശോധനവരെ നടത്താൻ സംസ്ഥാനം സജ്ജം. പ്രതിദിനം നടത്തുന്ന കോവിഡ് പരിശോധനയുടെ എണ്ണം 3000 ആയി ഉയർത്താനും സർക്കാർ തീരുമാനിച്ചു.സംസ്ഥാനത്ത് 14 സർക്കാർ, ആറ് സ്വകാര്യ ലാബിലും ഉൾപ്പെടെ 20 ലബോറട്ടറിയിലാണ് കോവിഡ് പരിശോധനാ സൗകര്യമുള്ളത്.- മൂന്നു മാസത്തിനുള്ളിലാണ് ലാബുകൾ സജ്ജമാക്കിയത്.
പത്ത് റിയൽ ടൈം പിസിആർ മെഷീനും അധികമായി ലഭ്യമാക്കി. തുടക്കത്തിൽ 100 പരിശോധന മാത്രം നടത്താൻ കഴിഞ്ഞ ലാബുകളിൽ പരിശോധന ഇരട്ടിയിലധികമാക്കി. മൂന്നു മാസത്തിനുള്ളിൽ 55,000ൽ അധികം പരിശോധന നടത്താൻ കേരളത്തിനായി.
പരിശോധനാ ഉപകരണങ്ങളും കിറ്റുകളും ആവശ്യത്തിനുണ്ട്. 81,000 പിസിആർ റീയേജന്റും ഒരു ലക്ഷം ആർഎൻഎ എക്ട്രാക്‌ഷൻ കിറ്റും സ്റ്റോക്കുണ്ട്. ഐസിഎംആർ, കെഎംഎസ്‌സിഎൽ വഴി കൂടുതൽ കിറ്റ് ശേഖരിക്കാനും ശ്രമിക്കുന്നു. സാമ്പിൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന വൈറൽ ട്രാൻസ്‌പോർട്ട് മീഡിയവും (വിടിഎം) ആവശ്യത്തിന് സംസ്ഥാനത്തിന്റെ പക്കലുണ്ട്. പബ്ലിക് ലാബാണ് വിടിഎം നിർമിച്ചു വിതരണം ചെയ്യുന്നത്.