പോലീസ് ജീപ്പ് കണ്ട് മുങ്ങി, സഹോദരിയുടെ ഫോണിലെ സന്ദേശങ്ങള്‍ കുരുക്കി; സൂരജിനെ വലയിലാക്കിയത് ഇങ്ങനെ

https://www.mathrubhumi.com/polopoly_fs/1.4787361.1590560743!/image/image.jpg_gen/derivatives/landscape_894_577/image.jpg

അടൂര്‍: ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിനെ പിടികൂടാന്‍ പോലീസ് എടുത്തത് മണിക്കൂറുകള്‍. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഷാഡോ പോലീസ് പറക്കോട് ഭാഗത്ത് സൂരജിനെ അന്വേഷിച്ചെത്തുന്നത്. പാമ്പുപിടിത്തക്കാരന്‍ സുരേഷിനെ അറസ്റ്റു ചെയ്ത ശേഷമാണ് പോലീസ് പറക്കോട് എത്തുന്നത്. നാലരയോടെ സൂരജിന്റെ വീട്ടിലെത്തി. സൂരജ് ഈ സമയം അഭിഭാഷകനെ കാണാന്‍ പോയെന്നാണ് വീട്ടുകാര്‍ പറഞ്ഞത്.

കൊല്ലം റൂറല്‍ എസ്.പി.ക്ക് സൂരജ് കൊടുത്ത ഒരു പരാതിയില്‍ അന്വേഷണത്തിന് വന്നതാണെന്നാണ് പോലീസ് വീട്ടുകാരെ ധരിപ്പിച്ചത്. ഉത്രയുടെ വീട്ടുകാര്‍ക്കെതിരേ സൂരജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ, സൂരജ് വീടിനുസമീപത്തുവരെ കാറിലെത്തി. പോലീസ് ജീപ്പ് റോഡില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സൂരജ് ആരെയോ വിളിച്ചു. പന്തികേട് തോന്നിയ ഇയാള്‍ വീട്ടില്‍ കയറാതെ പോയി. ഫോണും സ്വിച്ച് ഓഫ് ചെയ്തു. കുറച്ചുദൂരം മുന്നോട്ടുപോയി മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ കയറി.

ഈ കൂട്ടുകാരനാണ് അടൂര്‍ പെരിങ്ങനാടുള്ള സൂരജിന്റെ സഹോദരിയുടെ സുഹൃത്തിന്റെ വീട്ടിലെത്തിക്കുന്നത്. ഈ യാത്ര ബൈക്കിലായിരുന്നു. പോലീസ് സൂരജിനെ പല തവണ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫായതോടെ ഇയാള്‍ കടന്നുകളഞ്ഞതായി മനസ്സിലായി.

രാത്രി 7.30-ന് സൂരജിനൊപ്പം യാത്രചെയ്ത സുഹൃത്തുക്കളെ കണ്ടെത്തി. തുടര്‍ന്ന് ബൈക്കില്‍ കൊണ്ടുവിട്ട സുഹൃത്തിനെ കൂടി കണ്ടെത്തിയതോടെ സൂരജ് ഒളിച്ചിരിക്കുന്ന വിവരം ലഭിച്ചു. പക്ഷേ, ഈ വിവരമറിഞ്ഞ് സൂരജ് മറ്റൊരു ഭാഗത്തേക്കു മാറി. ഇതിനകം സഹോദരിയുടെ ഫോണ്‍ നമ്പര്‍ പോലീസ് മനസ്സിലാക്കി.

ഈ നമ്പറില്‍നിന്ന് സന്ദേശങ്ങള്‍ പോയത് സൈബര്‍ സെല്‍ വഴി മനസ്സിലാക്കിയാണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ പോലീസ് സൂരജ് ഒളിച്ചിരിക്കുന്ന സ്ഥലം മനസ്സിലാക്കി പിടികൂടുകയായിരുന്നു.

Content Highlights: kollam anchal uthra snake bite murder case; police caught the accused with help of cyber cell