ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി; ഡോ. വി. വേണുവിന് സ്ഥാനചലനം, ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറി
by ആർ.ശ്രീജിത്ത്/മാതൃഭൂമി ന്യൂസ്തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതോദ്യാഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്തയെ നിയമിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് വിശ്വാസ് മേത്തയ്ക്ക് നിയമനം. നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് രാജസ്ഥാന്‍ സ്വദേശിയായ വിശ്വാസ് മേത്ത. 1986 ബാച്ചുകാരനായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സര്‍വീസുണ്ട്.
റവന്യൂ സെക്രട്ടറിയായി ഡോ. വി. വേണുവിനെ പ്ലാനിങ്ങ് ബോർഡ് സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. ഡോ. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. സർക്കാരിന്റെ അപ്രീതിയാണ് വേണുവിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. വേണു റവന്യൂ വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ റവന്യൂ മന്ത്രിയുമായി നിരവധി തവണ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. പല തീരുമാനങ്ങളും മന്ത്രി അറിയാതെ നടപ്പിലാക്കിയെന്ന വിമര്‍ശനം വേണുവിനെതിരെ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് റീ ബില്‍ഡ് കേരളയുടെ ചുമതല ഉണ്ടായിരുന്ന വേണുവിനെ ആ സ്ഥാനത്തുനിന്ന് നേരത്തെ മാറ്റിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.കെ ജോസാണ് പുതിയ ആഭ്യന്തര സെക്രട്ടറി. ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ കാര്‍ഷികോത്പാദന കമ്മീഷണര്‍ ആയും നിയമിച്ചു. ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയ സാഹചര്യത്തിലാണ് പകരം ഇഷിതാ റോയിയെ നിയമിച്ചത്.
ഡോ. വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി| Read More...
ഇതിന് പുറമെ വിവിധ ജില്ലാ കളക്ടർമാരേയും മാറ്റി നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ മാറ്റി നവ്‌ജോത് ഖോസയെ പകരം നിയമിച്ചു. നിലവിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എം.ഡിയാണ് നവ്‌ജോത് ഖോസ. മലപ്പുറം ജില്ലാ കളക്ടറായാണ് ഗോപാലകൃഷ്ണന് പകരം നിയമനം.
കഴിഞ്ഞ ദിവസം ഡാം തുറന്നിവിട്ടതുമായി ബന്ധപ്പെട്ട് നഗരസഭ അടക്കം കെ. ഗോപാലകൃഷ്ണനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ആലപ്പുഴ കളക്ടര്‍ എം. അഞ്ജനയെ കോട്ടയത്തേക്കും മാറ്റി. കോട്ടയത്തെ നിലവിലെ കളക്ടര്‍ സുധീര്‍ ബാബു ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് അഞ്ജനയെ കോട്ടയത്തേക്ക് മാറ്റിയത്. മുന്‍ ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടറാണ് പുതിയ ആലപ്പുഴ കളക്ടര്‍.
ഐ.പി.എസ് തലത്തിലും അഴിച്ചു പണിയുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറായിരുന്ന ആര്‍.ശ്രീലേഖ ഫയര്‍ഫോഴ്‌സ് മേധാവിയാകും. എ. ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. എം.ആര്‍ അജിത് കുമാറിനെ ട്രാന്‍സ്‌ഫോര്‍ട്ട് കമ്മീഷണറായും നിയമിച്ചു.
content highlights: top ias officers reshuffle kerala