കോവിഡ് ഗുരുതരമായി ബാധിക്കാതെ ഭേദമായവര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകില്ലെന്ന് പഠനം

https://www.mathrubhumi.com/polopoly_fs/1.4740418.1588739453!/image/image.jpg_gen/derivatives/landscape_894_577/image.jpg

പാരീസ്:  രോഗികളെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിക്കുകയും എന്നാല്‍ രോഗം കലശലാകാതെ ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിച്ച് ഭേദമാകുകയും ചെയ്തവരില്‍ വീണ്ടും കോവിഡ് ബാധയുണ്ടാകില്ലെന്ന് പഠനം. ഫ്രാന്‍സിലെ സ്ട്രാസ്‌ബൊര്‍ഗിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് പാസ്റ്റര്‍ ആന്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ വെളിപ്പെട്ടത്.

രോഗം ബാധിച്ച ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന 160 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ ഒരാള്‍ക്ക് രോഗം ബാധിച്ച് 15 ദിവസങ്ങള്‍ക്കുള്ളില്‍ ശരീരം ആന്റി ബോഡി ഉത്പാദിപ്പിച്ചു. മറ്റുള്ളവരില്‍ ശരാശരി 41 ദിവസത്തിനുള്ളിലും ആന്റിബോഡി സൃഷ്ടിക്കപ്പെട്ടു. ഇവരില്‍ എല്ലാം കാണപ്പെട്ട ആന്റിബോഡിക്ക് വൈറസിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ളവയാണെന്നും ഇവര്‍ പ്രസിദ്ധീകരിച്ച പ്രാഥമിക നിഗമനങ്ങളില്‍ പറയുന്നു.

കോവിഡ് ബാധ ഗുരുതരമാകാതെ അത് ഭേദമായവര്‍ക്ക് വീണ്ടും രോഗബാധയുണ്ടാകാനിടയുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ പഠനത്തില്‍ നിന്ന് ലഭിച്ചത്. കോവിഡ് ഭേദമായവരില്‍ രോഗം വീണ്ടും ബാധിക്കില്ലെന്നതിന് കൃത്യമായ തളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് ഗവേഷകരുടെ പഠനം ശ്രദ്ധേയമാകുന്നത്.

ഇവരില്‍ രോഗബാധയുണ്ടായി എന്നതും അവരില്‍ ആന്റിബോഡി ഉത്്പാദിപ്പിക്കപ്പെട്ടതായും പരിശോധനകളില്‍ വ്യക്തമായതായി ഗവേഷകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.  

Content Highlights: people who got mild forms of Covid-19 produced antibodies that could prevent reinfection: Study