9\11 പുതിയ അധ്യായമായിരുന്നുവെങ്കില്‍ കോവിഡ്19 പുത്തന്‍ പുസ്തകമാണ്- രാഹുല്‍
ന്യൂഡല്‍ഹി:കോവിഡ്19 പ്രതിസന്ധി ലോകത്ത് നിലവിലുള്ള ഘടനയെയും ക്രമത്തെയും മാറ്റി മറിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വൈറസ് ആഗോളതലത്തില്‍ രണ്ട് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് ആരോഗ്യ സംരക്ഷണതലത്തിലും രണ്ടാമത് ആഗോള ഘടനകളെ മാറ്റിമറിച്ചുക്കൊണ്ടും. രാഹുല്‍ പറഞ്ഞു.
'വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച സ്ഥലങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവയെല്ലാം ആഗോളവത്കരണത്തിന്റെ നാഡീ കേന്ദ്രങ്ങളാണ്. ഇതിന് ശേഷം പുതിയൊരു ലോകമുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. 9/11 ഒരു പുതിയ അധ്യായമായിരുന്നുവെന്നാണ് ആളുകള്‍ പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ കോവിഡ് 19 പുതിയൊരു പുസ്തകം തന്നെയാകും.' രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കൊറോണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ആശിഷ് ഝാ, എപ്പിഡെമിയോളജിസ്റ്റും സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ജോഹാന്‍ ഗീസെക്കെയുമായും സംവദിക്കുന്നതിനിടെയാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'വലിയ നഗരകേന്ദ്രങ്ങളെ കോവിഡ് മോശമായി ബാധിക്കും.വ്യത്യസ്ത മതമായും വ്യത്യസ്ത സമുദായമായും ലിംഗഭേദത്തോടെയും നമുക്ക് ഇതിനെതിരെ പോരാടാനാവില്ല. ഒത്തൊരുമിച്ച് പോരാടേണ്ടതുണ്ട്. എല്ലാത്തിനും നാം സ്വയം തയ്യാറാവണം.' കോണ്‍ഗ്രസ്‌നേതാവ് പറഞ്ഞു.
വൈറസ് പടരുന്നത് തടയുന്നതിനുള്ള ഏകമാര്‍ഗം പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കയാണെന്ന് ആശിഷ് ഝാ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പുകള്‍ കാരണം ഇന്ത്യക്കാര്‍ക്ക് വൈറസ്പ്രതിരോധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളികളഞ്ഞു. അതിന് കാര്യമായ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: If 9/11 was a new chapter, Covid-19 is a new book-Rahul Gandhi