കോവിഡ് വ്യാപനത്തിനിടയില്‍ ഗോരഖ്പുരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയിൽ
വവ്വാലുകളുടെ ജഡം ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആര്‍ഐ) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ലഖ്നൗ: ഗോരഖ്പുരിലെ ബെല്‍ഘട്ട് പ്രദേശത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത് പരിഭ്രാന്തിയുണ്ടാക്കി. ചൊവ്വാഴ്ച രാവിലെയാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
കോവിഡ്, നിപ പോലുള്ള രോഗവ്യാപനത്തിന്റെ ഉറവിടമായി വവ്വാലുകള്‍ ബന്ധപ്പെട്ടു കിടക്കുന്നതാണ് പ്രദേശവാസികളെ ആശങ്കാകുലരാക്കാന്‍ കാരണം.
എന്നാല്‍ അമിത ചൂട് മൂലം വവ്വാലുകള്‍ ചത്തുപോയതാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
വവ്വാലുകളുടെ ജഡം ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആര്‍ഐ) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
'ഇന്ന് രാവിലെയാണ് പൂന്തോട്ടത്തിലെ മാവിനടുത്ത് നിരവധി വവ്വാലുകള്‍ ചത്തു കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. എന്റെ പൂന്തോട്ടത്തോട് ചേര്‍ന്ന് മറ്റൊരു പൂന്തോട്ടമുണ്ട്. ധാരാളം വവ്വാലുകള്‍ അവിടെ ചത്തു കിടക്കുന്നതും പിന്നീട് കണ്ടു", ബെല്‍ഘട്ടിലെ പങ്കജ് ഷാഹി പറഞ്ഞു.
''ഞങ്ങള്‍ വനംവകുപ്പിനെ അറിയിച്ചു, അവര്‍ ചത്ത വവ്വാലുകളെ എടുത്ത് പരിശോധിച്ചു. കടുത്ത ചൂട് കാരണമായിരിക്കാം ചത്തതെന്നും അതിനാല്‍ അവയ്ക്ക് കുടിക്കാന്‍ വെള്ളം സൂക്ഷിക്കാനും ആവശ്യപ്പെട്ടു,'' അദ്ദേഹം പറഞ്ഞു.
വിവരം ലഭിച്ചശേഷം ഖജ്നി ഫോറസ്റ്റ് റേഞ്ചര്‍ ദേവേന്ദ്ര കുമാര്‍ സ്ഥലത്തെത്തി.
കനത്ത ചൂടില്‍ പ്രദേശത്തെ കുളങ്ങളും തടാകങ്ങളും വറ്റിപ്പോയതിനാലാവാം ഇവ ചത്തതെന്നും വവ്വാലുകളെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഉത്തരേന്ത്യയില്‍ തീവ്ര ഉഷ്ണ തരംഗമാണ് ഇപ്പോൾ. 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചിലയിടങ്ങളിലെ താപനില
content highlights: Amid Covid threat Dead Bats Found In UP's Gorakhpur