നികുതി പ്രശ്‌നം; 2021 ട്വന്റി 20 ലോകകപ്പിന്റെ ആതിഥേയത്വം ഇന്ത്യയ്ക്ക് നഷ്ടമാകാന്‍ സാധ്യത

2016-ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പിന് നികുതി ഒഴിവാക്കാന്‍ ബി.സി.സി.ഐക്ക് സാധിക്കാതിരുന്നതിനെ തുടര്‍ന്ന് 20-30 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഐ.സി.സിക്ക് ഉണ്ടായത്

https://www.mathrubhumi.com/polopoly_fs/1.4787336.1590558891!/image/image.jpg_gen/derivatives/landscape_894_577/image.jpg
Image Courtesy: ICC

ദുബായ്: 2021-ലെ ട്വന്റി 20 ലോകകപ്പിന്റെ ആതിഥേയത്വം ഇന്ത്യയില്‍ നിന്ന് എടുത്തുകളയുമെന്ന് ഐ.സി.സി ഭീഷണി. ടൂര്‍ണമെന്റിന്റെ നടത്തിപ്പിന് നികുതി ഇളവ് നേടാന്‍ ബി.സി.സി.ഐക്ക് സാധിക്കാത്തതാണ് കാരണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.സി.സി, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇ-മെയില്‍ അയച്ചു. ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്ന് മാറ്റാനുള്ള അവകാശം ഐ.സി.സിക്കുണ്ടെന്നും ഇ-മെയിലില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് നികുതി പ്രശ്‌നം പരിഹരിക്കുന്നതിന് മേയ് 18 വരെയായിരുന്നു ഐ.സി.സി, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ സൗരവ് ഗാംഗുലി നേതൃത്വം നല്‍കുന്ന ബി.സി.സി.ഐക്ക് ഈ സമയത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചില്ല. ഇതിനായി ജൂണ്‍ 30 വരെ ബി.സി.സി.ഐ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ കാരണം സര്‍ക്കാരുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു.

അതേസമയം ടൂര്‍ണമെന്റിന്റെ നടത്തിപ്പാവകാശം സംബന്ധിച്ച് ബി.സി.സി.ഐയുമായുള്ള കരാര്‍ 2020 മേയ് 18-ന് ശേഷം ഏതുസമയത്തും റദ്ദാക്കാന്‍ ഐ.സി.സി ബിസിനസ് കോര്‍പ്പറേഷന് (ഐ.ബി.സി) അധികാരമുണ്ടെന്ന് ഐ.സി.സി ഉപദേഷ്ടാവ് ജൊനാഥന്‍ ഹാള്‍ പറഞ്ഞു.

നികുതി പ്രശ്‌നം പരിഹരിക്കാന്‍ ബി.സി.സി.ഐക്ക് സമയം അനുവദിച്ചതാണെന്നും 2019 ഡിസംബര്‍ 31 നകം പ്രശ്‌നപരിഹാരം കാണാന്‍ ആവശ്യപ്പെട്ടതാണെന്നും ജൊനാഥന്‍ ഹാള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ജൂണ്‍ 30 വരെ സമയം ആവശ്യപ്പെട്ട ബി.സി.സി.ഐ അപേക്ഷ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി ഇളവ് സംബന്ധിച്ച് രണ്ടു സംഘടനകളും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത് ഇതാദ്യമായല്ല. 2016-ല്‍ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പിന് നികുതി ഒഴിവാക്കാന്‍ ബി.സി.സി.ഐക്ക് സാധിക്കാതിരുന്നതിനെ തുടര്‍ന്ന് 20-30 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഐ.സി.സിക്ക് ഉണ്ടായത്.

ഇതിനൊപ്പം അടുത്ത വര്‍ഷവും ഇതേ കാര്യം ആവര്‍ത്തിച്ചാല്‍ 100 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുകയെന്നാണ് ഐ.സി.സിയുടെ കണക്ക്. 2021-ല്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് പകരമാണ് ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ട്വന്റി 20 ലോകകപ്പ് നടത്തുന്നത്.

Content Highlights: tax exemption issue India could lose 2021 T20 World Cup hosting rights