https://assets.doolnews.com/2020/05/shashi-tharoor-399x227.jpg

പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം: ശശി തരൂര്‍

by

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഇനി മുതല്‍ ക്വാറന്റീന്‍ ചെലവും സ്വയം വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ്. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയോടുള്ള വഞ്ചനയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു.

‘തിരിച്ചുവരുന്ന പ്രവാസികളില്‍ പലരും ജോലി നഷ്ടപ്പെട്ടവരാണ്. അവരോട് ഇത്തരത്തില്‍ പെരുമാറുന്നത് വഞ്ചനാപരമാണ്’, ശശി തരൂര്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധി കാരണം മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന നിരവധിപ്പേരാണ് വിവിധ രാജ്യങ്ങളിലുള്ളത്. പലരുടെയും കാരുണ്യത്താല്‍ നാട്ടിലെത്തുന്നവര്‍ക്ക് ഇനി നിര്‍ബന്ധിത ക്വാറന്റീന് കൂടി പണം കണ്ടെത്തേണ്ടി വരുന്നത് ഇരട്ടി ദുരിതമാവും സമ്മാനിക്കുക.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിലവില്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണുള്ളത്. നേരത്തെ 14 ദിവസമായിരുന്നത് പിന്നീട് ഏഴ് ദിവസമാക്കി ചുരുക്കുകയും ബാക്കി ദിവസങ്ങളില്‍ വീടുകളില്‍ ക്വാറന്റീന്‍ തുടരണമെന്നുമാണ് നിര്‍ദേശം.

ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിങ്ങനെ പ്രത്യേക സാഹചര്യത്തിലുള്ളവര്‍ക്ക് മാത്രമാണ് ഇതിന് ഇളവുള്ളത്. അല്ലാത്തവരെയെല്ലാം സര്‍ക്കാര്‍ തന്നെ പ്രത്യേക വാഹനങ്ങളില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും നേരിട്ട് മാറ്റും.

സാമ്പത്തിക പ്രയാസമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവരും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ജോലി നഷ്ടമായി മറ്റൊരു മാര്‍ഗവുമില്ലാതെ എത്തുന്നവരടക്കം എല്ലാവരും ചിലവ് വഹിക്കേണ്ടിവരുമെന്നും ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് പേര്‍ സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ ഇതല്ലാതെ വഴിയില്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.

പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഈ മാസമാദ്യം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ ടിക്കറ്റ് ചിലവും ക്വാറന്റീന്‍ ചെലവും മടങ്ങിയെത്തുന്ന പ്രവാസികള്‍ തന്നെ വഹിക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ക്വാറന്റീന്‍ ചെലവ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഇതുവരെയും സംസ്ഥാനത്തെത്തിയ പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റീന്‍ സൗകര്യം ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: