തമിഴ്നാട്ടിൽ കുതിച്ചുയർന്ന് മരണനിരക്ക്; രോഗികളുടെ എണ്ണത്തിലും ഇരട്ടിപ്പ്
by മനോരമ ലേഖകൻചെന്നൈ∙ അതിവേഗത്തിലുള്ള രോഗ വ്യാപനത്തിനൊപ്പം ആശങ്കയേറ്റി തമിഴ്നാട്ടിൽ കോവിഡ് മരണ നിരക്കും വർധിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചതിനു ശേഷം ഇന്നലെ ആദ്യമായി ഒറ്റ ദിനം 9 മരണങ്ങൾ. ഇതോടെ, ആകെ മരണം 127 ആയി. മരണ നിരക്ക് 71%. ഇതാദ്യമായാണു മരണ നിരക്കിൽ ഇത്രയധികം വർധന രേഖപ്പെടുത്തുന്നത്. ആയിരം രോഗികളുള്ളയിടങ്ങളിൽ ഏറ്റവും മരണ നിരക്ക് കുറഞ്ഞ സംസ്ഥാനം തമിഴ്നാടാണ്.
എന്നാൽ, ഈയിടെയായി മരണ നിരക്ക് കൂടുന്നതാണു ആശങ്കയ്ക്കിടയാക്കുന്നത്. കോവിഡ് ഹോട്സ്പോട്ടായ ചെന്നൈ തന്നെയാണു മരണത്തിലും മുന്നിൽ. ഇതിനകം നഗരത്തിൽ 91 കോവിഡ് മരണങ്ങളുണ്ടായി. ഇന്നലെ റിപ്പോർട്ട് ചെയ്ത 7 മരണങ്ങൾ ചെന്നൈയിലാണ്. എല്ലാവരും മറ്റു അസുഖങ്ങൾക്കു നേരത്തെ ചികിത്സ തേടിയിരുന്നവരാണെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഇന്നലെ 646 രോഗികൾ, ആകെ 17,728
രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിച്ചു. ഈ മാസം 12നു 8,718 ആയിരുന്ന രോഗികളുടെ എണ്ണം ഇന്നലെ 17,728 ആയി. ഇന്നലെ മാത്രം 646 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഒരാളുൾപ്പെടെ 49 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. 5 പേർ വിദേശത്തു നിന്നെത്തിയവർ. ചെന്നൈയിൽ മാത്രം ഇന്നലെ 509 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതോടെ, നഗരത്തിലെ രോഗ ബാധിതരുടെ എണ്ണം 11,640 ആയി. റോയപുരം സോണിൽ മാത്രം 2,000ൽ കൂടുതൽ രോഗികളുണ്ട്.
അഞ്ചു സോണുകൾ
റോയപുരം, തിരുവിക നഗർ, കോടമ്പാക്കം, തേനാംപേട്ട്, തൊണ്ടയാർപേട്ട് സോണുകളാണു ചെന്നൈയിലെ കോവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രങ്ങൾ. ഈ സോണുകളിൽ തന്നെ ചില വാർഡുകളിലാണു രോഗികളുടെ എണ്ണം കൂടുതലുള്ളത്. ഉയർന്ന ജനസാന്ദ്രത, പ്രതിരോധ നടപടികളുമായി ജനങ്ങൾ വേണ്ടത്ര സഹകരിക്കാത്തത് എന്നിവയെല്ലാം എല്ലാ ഈ പ്രദേശങ്ങളിലെല്ലാം പൊതുവായ ഘടകങ്ങളാണ്. ഓരോ സോണിലും പ്രത്യേക കണ്ടെയ്ൻമെന്റ് പദ്ധതി നടപ്പാക്കുമെന്നു അറിയിച്ചിരുന്നെങ്കിലും ഇനിയും തുടങ്ങിയിട്ടില്ല. ഈ 5 സോണുകളിൽ രോഗവ്യാപനം കൂടുതലുള്ള വാർഡുകളിൽ നിന്നു ജനങ്ങളെ മറ്റിടങ്ങിലേക്കു മാറ്റിപ്പാർപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. ജനങ്ങളുടെ നിസ്സഹകരണം ഈ മേഖലകളിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കു തടസ്സമാകുന്നതായി കോർപറേഷൻ അധികൃതർ പറയുന്നു.
English Summary: Tamil Nadu Covid Updates