പിന്നാലെ പാഞ്ഞ് കൂറ്റൻ കരടി; ഏറ്റുമുട്ടൽ ഒഴിവാക്കാൻ പന്ത്രണ്ടുകാരന്റെ തന്ത്രം
by സ്വന്തം ലേഖകൻതന്ത്രമുപയോഗിച്ച് കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട 12 കാരൻ അലെസ്സാൻഡ്രോ താരമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ. കുടുംബാംഗങ്ങളുമൊത്ത് വടക്കൻ ഇറ്റലിയിലെ ട്രെൻഡിനോ മലനിരകളിൽ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു കുട്ടി. കാഴ്ചകൾ കണ്ട് നടക്കുന്നതിനിടയിലാണ് കരടി പിന്തുടരുന്നതായി ശ്രദ്ധയിൽ പെട്ടത്.
ഭയന്നോടുന്നതിനു പകരം അലെസ്സാൻഡ്രോ അമ്മയുടെ നിർദേശങ്ങൾ അനുസരിക്കുകയാണ് ചെയ്തത്. ഭയക്കാതെ സാവകാശം മലയിറങ്ങുന്ന കുട്ടിയുടെ പിന്നാലെ നടന്നു വരുന്ന കരടിയെ കാണാം. മലയിറങ്ങുമ്പോൾ ഇടയ്ക്കിടെ അലെസ്സാൻഡ്രോ കരടിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. അലെസ്സാൻഡ്രോ തന്നെയാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ കുടുംബാംഗങ്ങളോട് നിർദേശിച്ചത്. പ്രകോപനപരമായ നീക്കങ്ങൾ മനുഷ്യരുടെ ഭാഗത്തു നിന്നുമുണ്ടായാൽ കരടികൾ കൂടുതൽ അക്രമാസക്തരാകും. അതുകൊണ്ടാണ് ഭയം പ്രകടമാക്കാതെ ബഹളം വയ്ക്കാതെ മെല്ലെ മലയിറങ്ങിയതെന്നും അലെസ്സാൻഡ്രോ വ്യക്തമാക്കി.
കുടുംബാംഗങ്ങളേക്കാൾ ഏറെ മുന്നിലായാണ് അലെസ്സാൻഡ്രോ മലമുകളിലേക്ക് കയറിയിരുന്നത്. അൽപ സമയത്തിനകം കുട്ടി താഴേക്കിറങ്ങി വരുന്നത് ശ്രദ്ധയിൽ പെട്ടു. തൊട്ടു പിന്നിലായി കരടിയും മലയിറങ്ങുന്നുണ്ടായിരുന്നു. കുട്ടി മെല്ലെയിറങ്ങി വീട്ടുകാരുടെ അരികിലെത്തിയതും കരടി വേഗം സ്ഥലം കാലിയാക്കി. നിരവധിയാളുകളാണ് ദൃശ്യം കണ്ട് കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നത്.