കൊലപാതകം ആസൂത്രണം ചെയ്തത് ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ ; സ്വര്‍ണ്ണവും കാറും പണവുമെല്ലാം തിരികെ നല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നു

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398786/uthra.jpg

കൊല്ലം: യുവതിയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകം ചെയ്യാന്‍ പ്രേരണയായതെന്ന് സൂരജിന്റെ കുറ്റസമ്മത മൊഴി. സ്വര്‍ണ്ണവും കാറും പണവുമെല്ലാം തിരികെ നല്‍കേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നതായും അതിന്റെ വൈരാഗ്യത്തിലാണ് കുറ്റകൃത്യം നടത്തിയതെന്നും സുരാജ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. ഭാര്യയെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചിരുന്നതായും സൂരജ് സമ്മതിച്ചു. ഉത്രയുടെ ഇടതുകയ്യില്‍ രണ്ടു തവണ പാമ്പു കടിയേറ്റിട്ടുള്ളതായി പോസ്റ്റുമാര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഉത്രയുടെ വീട്ടിലെത്തി തെളിവു നശിപ്പിക്കാനും സൂരജ് ശ്രമിച്ചതായിട്ടാണ് വിവരം.

സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഉത്രയുടെ കുടുംബം ആരോപിക്കുന്ന സാഹചര്യത്തില്‍ ഇയാളുടെ സഹോദരി ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യും. കൊലപാതകത്തിന് മുമ്പ് കൊല്ലം പറക്കോട്ടെ വീട്ടില്‍ വെച്ച് രണ്ടു തവണയാണ് സൂരജ് ഉത്രയെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. ഫെബ്രുവരി 26 നും മാര്‍ച്ച് 2 നുമായിരുന്നു. ഫെബ്രുവരിയില്‍ ഉത്ര പാമ്പിനെ കണ്ടതിനാലാണ് ഈ ശ്രമം പൊളിഞ്ഞത്. രണ്ടാം തവണയാണ് പാമ്പിന്റെ കടിയേറ്റത്.

ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചശേഷം തല്ലിക്കൊന്ന് കുഴിച്ചിട്ട കരിമൂര്‍ഖനെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. വീടിനു സമീപത്തെ പറമ്പിലാണു പാമ്പിനെ കുഴിച്ചിട്ടിരുന്നത്. സംസ്ഥാനത്ത് ആദ്യമായാണു കൊലപാതകം തെളിയിക്കാനായി പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഉത്രയുടെ രക്തം, ആന്തരാവയവങ്ങള്‍ എന്നിവയുടെ രാസപരിശോധനാഫലവുമായി ഒത്തുനോക്കിയാണു വിവരങ്ങള്‍ സ്ഥിരീകരിച്ചത്. ഉത്രയുടെ ശരീരത്തിലുണ്ടായ കടിയുടെ ആഴം കണക്കാക്കാനായി പാമ്പിന്റെ നീളം, പല്ലുകളുടെ അകലം എന്നിവ പരിശോധിച്ചു.

ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള കരിമൂര്‍ഖന്‍തന്നെയെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. പാമ്പിന്റെ വിഷപ്പല്ല് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളാണു പുറത്തെടുത്തത്. 152 സെ.മീ. നീളമുള്ളതും പൂര്‍ണവളര്‍ച്ചയെത്തിയതുമായ മൂര്‍ഖന്റെ വിഷപ്പല്ലിന് 0.6 സെ.മീ. നീളമുണ്ട്. മാംസം ജീര്‍ണിച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെ 11.30-ന് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ അവസാനിച്ചു. തുടര്‍ന്ന്, പാമ്പിന്റെ അവശിഷ്ടങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്കു കൊണ്ടുപോയി.

കൂടുതല്‍ ശാസ്ത്രീയതെളിവുകള്‍ക്കായി പാമ്പിന്റെ ഡി.എന്‍.എ. പരിശോധനയും നടത്തും. െഹെദരാബാദിലോ പുനെയിലോ ആയിരിക്കും പരിശോധന. 90 ദിവസത്തിനുള്ളില്‍ എല്ലാ ശാസ്ത്രീയതെളിവുകളും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനാണു പോലീസ് നീക്കം. സാക്ഷിമൊഴികള്‍ക്കു പുറമേ, പാമ്പുകളെ സൂരജ് വിലയ്ക്കു വാങ്ങിയതിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ആദ്യതവണ സൂരജിന് അണലിയെ നല്‍കാന്‍ അംബാസഡര്‍ കാറിലെത്തിയ സുരേഷ്‌കുമാറിനൊപ്പം മൂന്നുപേര്‍കൂടി ഉണ്ടായിരുന്നെന്നും വിവരം ലഭിച്ചു.