സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ്, നിര്‍മ്മാതാക്കളും തീയറ്റര്‍ ഉടമകളും തമ്മിലുള്ള ചര്‍ച്ച ഇന്ന്
കൊച്ചി: കോവിഡ് ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായ മലയാള സിനിമാ നിര്‍മ്മാതാക്കളും തീയേറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. 11 മണിക്കാണ് ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യോഗം.
ചലച്ചിത്ര വിതരണക്കാരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ റിലീസ്, തീയേറ്റര്‍ വിഹിതത്തിലെ കുടിശിക എന്നീ കാര്യങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഒ.ടി.ടി. റിലീസിന് തീരുമാനിച്ചതോടെയായിരുന്നു ഓണ്‍ലൈന്‍ റിലീസ് വിവാദം രൂക്ഷമായത്.
ഓണ്‍ലൈന്‍ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരുന്നു. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഒ.ടി.ടി. റിലീസ് അതിനൊരു പരിഹാരമാണെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്.