വിമാനത്തിനുള്ളില്‍ രോഗാണുക്കൾ പെട്ടെന്ന് പടരില്ലെന്ന് യു.എസ് വിദഗ്ധർ; സാമൂഹ്യ അകലവും നിര്‍ബന്ധമല്ല

https://www.mathrubhumi.com/polopoly_fs/1.1442968.1477050344!/image/image.jpg_gen/derivatives/landscape_894_577/image.jpg

വാഷിങ്ടണ്‍: വൈറസുകളുള്‍പ്പെടെയുള്ള അണുക്കള്‍ക്ക് വിമാനത്തിനുള്ളില്‍ പെട്ടെന്ന് പടരാന്‍ സാധിക്കില്ലെന്ന വാദമുയര്‍ത്തി അമേരിക്കന്‍ വിദഗ്ധര്‍. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഇക്കാര്യം പറഞ്ഞത്. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതില്ലെന്നും യാത്രക്കാര്‍ക്കിടയിലെ സീറ്റ് ഒഴിച്ചിടേണ്ടതില്ലെന്നും ഇവര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ 90 ശതമാനത്തോളം കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം വന്നിരിക്കുന്നത്.  അതേസമയം വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസത്തെ ക്വാറന്റീന്‍ പീരിയഡ് പൂര്‍ത്തിയാക്കണമെന്നും ഇവര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വിമാനത്തിലെ വായുശുദ്ധീകരണ സംവിധാനങ്ങള്‍ മൂലം മിക്ക വൈറസുകളും മറ്റ് അണുക്കളും വിമാനത്തിനുള്ളില്‍ വ്യാപിക്കുന്നില്ലെന്ന് ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ വിശദീകരിക്കുന്നു. എന്നാല്‍ വിമാനയാത്ര അപകടരഹിതമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അതിനാല്‍ ജനങ്ങള്‍ കഴിവതും യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും അവര്‍ പറയുന്നു. വിമാന യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം വി്മാനത്താവളത്തിലെ ടെര്‍മിനലിലും മറ്റും ചെലവഴിക്കേണ്ടിവരുന്നതിനാല്‍ കൂടുതല്‍ ആളുകളുമായും മറ്റും ഇടപഴകേണ്ടിവരും.

ആളുകള്‍ കൂടുതല്‍ യാത്ര ചെയ്യുന്ന വിമാനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കില്ലെന്നും മണിക്കൂറുകള്‍ ഇത്തരത്തില്‍ മറ്റൊരാളിന്റെ സമീപത്ത് ഇരിക്കേണ്ടി വരുമെന്നും ഇത് രോഗബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നും ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ പറയുന്നു.  

എന്നാല്‍ വിമാനത്തിനുള്ളില്‍ സാമൂഹ്യ അകലം ഉറപ്പ് വരുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നതിന് പകരം പൈലറ്റും മറ്റ് വിമാനത്തിലെ ജീവനക്കാരും പാലിക്കേണ്ട വ്യക്തിഗത പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുക മാത്രമാണ് ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ ചെയ്തത്. 

Content Highlights: Covid-19: Most Viruses, Other Germs Do Not Spread Easily on Flights, Says CDC