https://img-mm.manoramaonline.com/content/dam/mm/mo/sports/tennis/images/2020/5/26/federer-mirka.jpg
2002ലെ ഹോപ്മാൻ കപ്പിൽ മിക്സ്ഡ് ഡബിൾസിൽ മത്സരിക്കുന്ന ഫെഡററും മിർകയും.

ഒളിംപിക്സ് സമാപനത്തിന് മിർകയുടെ കവിളിൽ മുത്തം നൽകിയ ഫെഡറർ; ഒരു ഫെഡറൽ ലവ് സ്റ്റോറി

by

2000ലെ സിഡ്നി ഒളിംപിക്സ്. സ്വിറ്റ്സർലൻഡ് ടെന്നിസ് ടീമിലുള്ള മിറോസ്ലാവ മിർക വാവ്‌റിൻകോവ എന്ന ഇരുപത്തിരണ്ടുകാരിയുടെ പിന്നാലെ ഒരു ഇരുപതുകാരൻ ചുറ്റിപ്പറ്റി നടക്കുന്നു. ടീമംഗമാണ്; മിർകയുടെ ശ്രദ്ധ കിട്ടാൻ ബാക്‌സ്ട്രീറ്റ് ബോയ്സിന്റെ പാട്ടുകൾ പാടുന്നതാണു പ്രധാന വിനോദം. മെഡൽ നേടാനാകാതെ രണ്ടുപേരും കളികൾ തോറ്റു. എന്നാലും ചെറുപ്പക്കാരൻ ശ്രമം ഉപേക്ഷിച്ചില്ല.

ശല്യം സഹിക്കാൻ പറ്റാതെ ‌മിർക അവനെ ശകാരിച്ചു നോക്കി. പക്ഷേ, ഫലമുണ്ടായില്ല. ഒളിംപിക്സിന്റെ സമാപനദിനം കവിളിലൊരു മുത്തം കൊടുത്ത് അവൻ മടങ്ങുമ്പോൾ കയ്യിൽ അവളുടെ ഹൃദയവുമുണ്ടായിരുന്നു. അയാളുടെ പേരാണ് റോജർ ഫെഡറർ. ആ പെൺകുട്ടി ഇന്നു ഫെഡററുടെ ഭാര്യയാണ്; മിർക ഫെഡറർ. 

കണ്ടുമുട്ടൽ

സ്‌‌ലൊവാക്യയിൽനിന്നു സ്വിറ്റ്സർലൻഡിലേക്കു കുടിയേറിയവരാണു മിർകയുടെ വീട്ടുകാർ. 4–ാം വയസ്സിൽ ടെന്നിസ് കളിച്ചു തുടങ്ങി. 2002ൽ സിംഗിൾസ് 76–ാം റാങ്കിൽ എത്തിയതാണു മികച്ച റാങ്കിങ്. 2001ൽ യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ 3–ാം റൗണ്ടിൽ എത്തിയതാണു മികച്ച കരിയർ നേട്ടം. 2000ൽ ഇരുവരും തമ്മിൽ കണ്ടുമുട്ടുമ്പോൾ ഫെഡറർ അത്ര വലിയ താരമൊന്നുമായിട്ടില്ല.

സിംഗിൾസിൽ ആദ്യ 50ൽപോലും ഫെഡറർ ഇല്ലായിരുന്നു. മുടി നീട്ടിവളർത്തി, പിന്നിൽ ബാൻഡ് കെട്ടിനടക്കുന്ന കാലം. തന്നെക്കാൾ 2 വയസ്സ് മൂത്ത മിർകയുമായി അടുപ്പത്തിലായതോടെ കോർട്ടിലും ഇരുവരും ഒന്നിച്ചു. 2002ലെ ഹോപ്മാൻ കപ്പി‍ൽ മിക്സ്‍ഡ് ഡബിൾസിൽ ഇരുവരും ഒന്നിച്ചിറങ്ങി. പക്ഷേ, ശോഭിച്ചില്ല. പരുക്കുമൂലം ആ വർഷം മിർക കോർട്ടിനോടു വിടപറയുകയും ചെയ്തു.  

കളംമാറ്റം

ടെന്നിസ് നിർത്തിയെങ്കിലും 2002നുശേഷം ഫെഡററുടെ മുന്നിലും പിന്നിലും നിഴലായി മിർക നിന്നു. 2003ൽ വിമ്പിൾഡനിൽ മുത്തമിട്ട് ഫെഡ് എക്സ്പ്രസ് കുതിപ്പു തുടങ്ങിയതോടെ താരത്തിന്റെ പബ്ലിക് റിലേഷൻസ് മാനേജരായി മാറി മിർക.

ഫെഡററുടെ മനോഹര ഷോട്ടുകൾക്കു സാക്ഷിയാകാൻ ഗാലറിയിലും മിർക നിറസാന്നിധ്യമായി.  തന്റെ ഫോമിന്റെ പാരമ്യത്തിലായിരുന്നു ഫെഡറർ അക്കാലത്ത്. 2004 മുതൽ 2008 വരെ തുടർച്ചയായി 5 തവണ യുഎസ് ഓപ്പൺ ജേതാവ്. വിമ്പിൾഡനിൽ 2003 മുതൽ തുടർച്ചയായി 5 കിരീടം. ഓസ്ട്രേലിയൻ ഓപ്പണിൽ 3 കിരീടനേട്ടങ്ങൾ. 2009 ഏപ്രിൽ 11ന് ഇരുവരും വിവാഹിതരായി. അതുവരെ ഫെഡററുടെ ഷെൽഫിൽ ഫ്രഞ്ച് ഓപ്പൺ കിരീടം മാത്രം ഉണ്ടായിരുന്നില്ല. എന്നാൽ, മിർകയെ ജീവിതപങ്കാളിയാക്കി കൃത്യം ഒരു മാസത്തിനുശേഷം നടന്ന 2009ലെ ഫ്രഞ്ച് ഓപ്പണിൽ ഫെഡറർ ജേതാവായി. ഫെഡററുടെ ഒരേയൊരു ഫ്രഞ്ച് ഓപ്പൺ കിരീടം ആ സ്നേഹദാമ്പത്യത്തിന്റെ തുടക്കത്തിന് എന്തുകൊണ്ടും യോജിച്ചതായി. 

https://img-mm.manoramaonline.com/content/dam/mm/mo/sports/tennis/images/2020/5/26/federer-family.jpg
2017ലെ വിമ്പിൾഡനിൽ ഫെഡററുടെ മത്സരം കാണുന്ന മക്കളായ മില, ചാർലീൻ, ലിയോ, ലെനി എന്നിവരും ഭാര്യ മിർകയും (വലത്തേയറ്റം). ഫെഡററുടെ അമ്മ ലിനറ്റിനെയും (നടുവിൽ) കാണാം.

ഹാപ്പി ഫാമിലി

കഴിഞ്ഞ മാസം 11നു ഫെഡററും മിർകയും 11–ാം വിവാഹ വാർഷികം ആഘോഷിച്ചു. ഫെഡറർക്ക് ഇപ്പോൾ 38 വയസ്സ്. മിർകയ്ക്ക് 40. ലോക്‌ഡൗണിൽ ആഘോഷത്തിനു കൂട്ടായി 4 പേർ കൂടിയുണ്ടായിരുന്നു; ഇരട്ടകളായ മൂത്ത കുട്ടികൾ മില റോസും ചാർലീൻ റീവയും ഇരട്ടകളായ ഇളയ മക്കൾ ലിയോയും ലെനിയും. മൂത്തവർ പെൺകുട്ടികളും ഇളയവർ ആൺകുട്ടികളുമാണ്. പെൺകുട്ടികൾക്ക് 11 വയസ്സ്; ആൺകുട്ടികൾക്ക് ആറും.