കുടിയേറ്റത്തൊഴിലാളി വിഷയത്തില്‍ നേരിട്ടിടപെട്ട് സുപ്രീംകോടതി; സൗജന്യ ഭക്ഷണവും യാത്രാസൗകര്യവും ഒരുക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: കുടിയേറ്റത്തൊഴിലാളികള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി യാത്രാസൗകര്യവും താമസവും ഭക്ഷണവും നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. കുടിയേറ്റത്തൊഴിലാളികളുടെ വിഷയത്തില്‍ സ്വമേധയാ ഇടപെട്ടുകൊണ്ടാണ് ഉത്തരവ്. കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ നടപടികളില്‍ പോരായ്മകള്‍ ഉണ്ടെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗബെഞ്ച് അഭിപ്രായപ്പെട്ടു.
നാളെ വീണ്ടും വിഷയം കോടതി പരിഗണനയ്ക്ക് എടുക്കുന്നുണ്ട്. ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുകളും നാളെ മറുപടി നല്‍കണം. അതിഥിതൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയിരുന്നു. ഭൂരിഭാഗം പരാതികളും നിവേദനമായി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്.
കുടിയേറ്റത്തൊഴിലാളികള്‍ സ്വന്തം നാടുകളില്‍ എത്താന്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതി സ്വമേധയാ ഈ വിഷയത്തില്‍ ഇടപെട്ടത്. ഒട്ടേറെപേരാണ് സ്വന്തം നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയില്‍ ദാരുണമായി മരണപ്പെട്ടത്. റോഡുകളിലും സംസ്ഥാനാതിര്‍ത്തികളിലും റെയില്‍വേസ്‌റ്റേഷനിലുമായി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് അടിയന്തരമായി സൗജന്യ ഭക്ഷണവും താമസവും യാത്രാസൗകര്യവും ഒരുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.