അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം ; ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാകാന്‍ സൈനികര്‍ക്ക് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: കോവിഡ് 19 എന്ന മഹാമാരി വ്യാപിക്കാതിരിക്കാന്‍ ശക്തമായ പോരാട്ടം നടത്തുന്നതിനിടയില്‍ യുദ്ധത്തിന് കോപ്പ് കൂട്ടി ഇന്ത്യയും ചൈനയും. ലഡാക്കിലെ അതിര്‍ത്തിയിലെ പല ഭാഗങ്ങളിലായി ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ അഭിമുഖം നില്‍ക്കുകയാണ്. ഇരു രാജ്യങ്ങളും ഇവിടേയ്ക്ക് സൈനികരുടെ എണ്ണം കൂട്ടുന്നതായും യുദ്ധത്തിന് തയ്യാറായിരിക്കാന്‍ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്ക പ്രസിഡന്റ് ഷീ ജിംഗ് പിംഗ് നിര്‍ദേശം നല്‍കുകയും ചെയ്തതായിട്ടാണ് വിവരം.
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയോട് ചേര്‍ന്ന പാംഗോങ്ട്‌സ്‌കോ തടാകം, ഗാല്‍വന്‍ താഴ്വാരം, ഡെംചോക്ക് എന്നിവിടങ്ങളിലാണ് ഇരു സൈനികരും മുഖാമുഖം നില്‍ക്കുന്നത്. നേരത്തേ 1200-1400 പട്ടാളക്കാര്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ സൈനികരുടെ എണ്ണം 5000 മായി ചൈന കൂട്ടിയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പരിശീലനവും തയ്യാറെടുപ്പുമായി യുദ്ധസജ്ജമായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ് സൈന്യത്തിന് നല്‍കിയിട്ടുള്ള നിര്‍ദേശം. നാലു യുദ്ധവിമാനങ്ങളും ചൈന ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും വിവരമുണ്ട്.
ലഡാക്കിലെ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് ചൈനീസ് സൈനികള്‍ നിയന്ത്രണ രേഖ ലംഘിക്കുകയോ അതിനടുത്തേക്ക് നീങ്ങുകയോ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെയും റിപ്പോര്‍ട്ട്. ലഡാക്കിന് സമീപത്ത് വ്യോമതാവളം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈന നടത്തുന്നതെന്ന് സാറ്റലൈറ്റ് ഇമേജുകളും തെളിവു നല്‍കുന്നു.
പാംഗ്യോംഗ് തടാകത്തില്‍ നിന്നും 200 കി. മീ. അകലെയായിട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍. ഇവിടെ മെയ് 5 നും 6 നും ചെറിയ ഉരസലുകള്‍ ഇരു സൈന്യവും നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈന ഇവിടെ നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ടിബറ്റിലെ ഗാരി ഗുണ്‍സാ വിമാനത്താവളത്തില്‍ നിന്നുള്ള രണ്ടു ദൃശ്യങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തു വിട്ടിട്ടുണ്ട്. ആദ്യത്തേത് ഈ വര്‍ഷം ഏപ്രില്‍ 6 ന് എടുത്തതും മറ്റൊന്ന് മെയ് 21 ന് എടുത്തതും. മൂന്നാമത് പുറത്തുവന്ന ചിത്രങ്ങളില്‍ ചൈനീസ് വ്യോമസേനയുടെ ഭാഗമായ ജെ - 11, ജെ- 16 വിഭാഗത്തില്‍ വരുന്നതെന്ന് വിശ്വസിക്കുന്ന നാലു യുദ്ധവിമാനങ്ങളും ദൃശ്യമായിരുന്നു.
അതിനിടയില്‍ ഇന്ത്യയും തയ്യാറെടുപ്പിലാണ്. സ്ഥിതിഗതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സൂരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സേനാ മേധാവികളും യോഗം ചേര്‍ന്നിട്ടുണ്ട്. ഉന്നതതല യോഗം നടക്കുകകയും സൈന്യം ഒരുങ്ങിയിരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. നേരത്തേ സേനാമേധാവികള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായും ചര്‍ച്ച നടത്തി. കോവിഡിന്റെ ദുരിതം അനുഭവിക്കുന്നതിനിടയിലാണ് രണ്ടു രാജ്യങ്ങളും സൈനീക നീക്കവും നടത്തുന്നത്.
1999 ല്‍ ലെ കാര്‍ഗില്‍ പ്രതിസന്ധിക്ക് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അതിര്‍ത്തി തര്‍ക്കമായി പ്രശ്‌നം മാറുമെന്നാണ് വിലയിരുത്തല്‍. കടന്നുകയറിയ പ്രദേശത്ത് നിന്നും പിന്മാറാന്‍ ചൈന തയ്യാറാകുന്നില്ല എന്നാണ് ഇന്ത്യന്‍ അധികൃതര്‍ ആരോപിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള മറ്റു നടപടികളും ഇരു രാജ്യങ്ങളിലും നടന്നു വരുന്നുണ്ട്. ഇന്ത്യയില്‍ കുടുങ്ങിയ ചൈനീസ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ചൈന നടപടിയെടുത്തിട്ടുണ്ട്. രോഗലക്ഷണം ഉള്ളവള്‍ ഒഴികെയുള്ള പൗരന്മാരെ നാട്ടില്‍ എത്തിക്കാന്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും ഷംഗ്ഹായിയിലേക്ക് വിമാന സര്‍വീസുകള്‍ നടത്താന്‍ ചൈന നീക്കം നടത്തുകയാണ്.