ഐ.സി.എം.ആർ മാർഗനിർദേശം പുതുക്കി; കോവിഡ് ടെസ്റ്റ് നടത്തേണ്ടവരുടെ പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ

മെയ് 18ന് ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മാര്‍ഗ്ഗനിര്‍ദേശ പട്ടിക പുതുക്കിയിട്ടുണ്ട്

https://www.mathrubhumi.com/polopoly_fs/1.4709994.1587972179!/image/image.jpg_gen/derivatives/landscape_894_577/image.jpg

ന്യൂഡൽഹി : പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സെക്യൂരിറ്റി ജീവനക്കാർ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവരെ ആദ്യം തന്നെ കോവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്ന് ഐസിഎംആര്‍. ചെക്ക് പോയിന്റുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍, ബില്‍ഡിംഗ് സെക്യൂരിറ്റി ഗാര്‍ഡുകള്‍, എയര്‍പോര്‍ട്ട് സ്റ്റാഫ്, ബസ് ഡ്രൈവര്‍മാര്‍, പച്ചക്കറി വഴിയോര കച്ചവടക്കാര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവരെയാണ് ലക്ഷണങ്ങള്‍ കാണിക്കുന്ന മുറയ്ക്ക് ആദ്യം ടെസ്റ്റ് ചെയ്യേണ്ടതെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, പാരാമെഡിക്കൽ ജീവനക്കാർ, മടങ്ങിവരുന്ന കുടിയേറ്റക്കാര്‍ എന്നിവര്‍ക്ക് പുറമേയാണ് ഇത്തരം മേഖലകളിലുള്ളവരെ ടെസ്റ്റിന് വിധേയമാക്കാന്‍ ഐസിഎംആര്‍ നിര്‍ദേശിക്കുന്നത്.

മെയ് 18ന് ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മാര്‍ഗ്ഗനിര്‍ദേശ പട്ടിക പുതുക്കിയിട്ടുണ്ട്. ഇത് പ്രകാരം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും മറ്റ് കോവിഡ് പോരോട്ട രംഗത്തെ മുന്‍നിര തൊഴിലാളികളും സാര്‍സ് കോവ് 2 വൈറസ് ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്. പനി, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളാണ് വൈറസിന്റെയും ലക്ഷണങ്ങള്‍.

ആരോഗ്യ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ കോവിഡ് ടെസ്റ്റിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വഴിയോര പച്ചക്കറി കച്ചവടക്കാരെ ഉള്‍പ്പെടുത്തിയത് വലിയ ഒരു നീക്കമാണ്. കോവിഡ് എത്രത്തോളം വ്യാപകമായി എന്നതിന്റെ സൂചനയാണ് ഐസിഎംആറിന്റെ കോവിഡ് ടെസ്റ്റിങ് പട്ടികയില്‍ പുതുതായുണ്ടായ മാറ്റം ചൂണ്ടിക്കാണിക്കുന്നത്.

പാരാമെഡിക്കൽ ജീവനക്കാർക്കും ആരോഗ്യപരിപാലന തൊഴിലാളികള്‍ക്കും പുറമെ, സ്വകാര്യ, സര്‍ക്കാര്‍ കെട്ടിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർ ചെക്ക്‌പോസ്റ്റുകള്‍ / റോഡുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍, എയര്‍പോര്‍ട്ട് ജീവനക്കാർ, കുടിയൊഴിപ്പിക്കലില്‍ ഉള്‍പ്പെട്ട എയര്‍ ഇന്ത്യ ടീം, സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാർ, അനുബന്ധ സ്റ്റാഫ്, ഫാര്‍മസിസ്റ്റ്, പച്ചക്കറി കച്ചവടക്കാര്‍, ബാങ്ക് ജീവനക്കാർ എന്നിവരാണ് പുതിയ ഐസിഎംആര്‍ കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടവരുടെ മുന്‍നിരപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പൂര്‍ണ്ണ ലിസ്റ്റ്

ഇന്ത്യയില്‍ കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് നിലവില്‍ നഗരങ്ങളിലാണ്, 70% കേസുകളും നഗരങ്ങളില്‍ നിന്നുള്ളതാണ്.മരണവും കൂടുതല്‍ നഗങ്ങളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതുതായുള്ള ഹോട്ടസ്‌പോട്ടുകള്‍ തിരിച്ചറിയുക എന്ന ലക്ഷ്യം കൂടിയുണ്ട് ഐസിഎംആറിന്റെ കോവിഡ് ടെസ്റ്റിന്റെ മുന്‍ഗണനാക്രമം പരിഷ്‌കരിച്ചതിനു പിന്നില്‍.

ടെസ്റ്റിംഗ് കപ്പാസിറ്റി പ്രതിദിനം 2 ലക്ഷമായി ഉയര്‍ത്താന്‍ ഐസിഎംആര്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗം കൂടിയായാണ് ഈ പരിഷ്‌കരണം. അടിസ്ഥാന സൗകര്യങ്ങള്‍ കുറവുള്ള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ടെസ്റ്റുകള്‍ ഇനി പ്രതീക്ഷിക്കുന്നുണ്ട്. ബീഹാറിലും ഒഡീഷയിലും പതിനേഴ് ടെസ്റ്റിംഗ് ലബോറട്ടറികളും ഉത്തര്‍പ്രദേശില്‍ 27 ഉം പശ്ചിമ ബംഗാളില്‍ 36 ഉം വീതവും സ്ഥാപിക്കുന്നുണ്ട്.

content highlights: Guards, vegetable vendors in ICMR list of frontline workers who need testing