കോവിഡ്-19: ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിൽ വർധന
ചെക്ക് ക്ലിയറൻസിനും പണം നിക്ഷേപിക്കുന്നതിനും മാത്രമാണ് ഇടപാടുകാർ ബ്രാഞ്ചുകളിലെത്തുന്നത്. മറ്റ് ഇടപാടുകളെല്ലാം ഓൺലൈനായാണ് ഉപഭോക്താക്കൾ നടത്തുന്നത്. മാത്രമല്ല ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാരാണ് ശാഖകളിൽ നേരിട്ടെത്തി ബാങ്കിങ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവരിൽ കൂടുതലും.
by സനില അർജുൻകൊച്ചി: കോവിഡ് ഭീതിയിൽ സുരക്ഷിതമായ ബാങ്കിങ് സേവനങ്ങളിലേക്ക് മാറി ഉപഭോക്താക്കൾ. കോവിഡും ലോക്‌ഡൗണും കാരണം ഡിജിറ്റൽ ബാങ്കിങ് സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഇടപാടുകാരുടെ എണ്ണത്തിലും ഓൺലൈൻ ബാങ്കിങ് ഇടപാടുകളിലും ശരാശരി 20-40 ശതമാനം വരെ വർധനയുണ്ടായി.
ഇപ്പോഴത്തെ സാഹചര്യത്തിൽ ബാങ്ക് ശാഖകളിൽ നേരിട്ടെത്താതെ ബാങ്കിങ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിനാണ് മിക്ക ഉപഭോക്താക്കളും നോക്കുന്നത്. അതുകൊണ്ടുതന്നെ, ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ അയവുവരുത്തിയിട്ടും മിക്ക ബാങ്കുകളിലും നേരിട്ടെത്തുന്ന ഇടപാടുകാരുടെ എണ്ണം കുറവാണ്.
ചെക്ക് ക്ലിയറൻസിനും പണം നിക്ഷേപിക്കുന്നതിനും മാത്രമാണ് ഇടപാടുകാർ ബ്രാഞ്ചുകളിലെത്തുന്നത്. മറ്റ് ഇടപാടുകളെല്ലാം ഓൺലൈനായാണ് ഉപഭോക്താക്കൾ നടത്തുന്നത്. മാത്രമല്ല ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാരാണ് ശാഖകളിൽ നേരിട്ടെത്തി ബാങ്കിങ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവരിൽ കൂടുതലും.
കോവിഡിനെ തുടർന്ന് എസ്.ബി.ഐ.യുടെ പ്രതിദിന ഡിജിറ്റൽ ബാങ്കിങ് ഉപയോക്താക്കളുടെയും ഇടപാടുകളുടെയും എണ്ണത്തിൽ 20-35 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ടെന്ന് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് വിഭാഗം അസി. ജനറൽ മാനേജർ പ്രകാശ് സുകുമാരൻ പറഞ്ഞു. ഇക്കാലയളവിൽ എസ്.ബി.ഐയുടെ മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോ എസ്.ബി.ഐ.യുടെ പ്രതിദിന ഉപയോഗം 15-20 ശതമാനം കൂടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. യോനോ വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം 30 ശതമാനം വരെയും വർധിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിലും ഉപയോക്താക്കളുടെ എണ്ണത്തിലും 30 ശതമാനം വരെ വർധനയുണ്ടായിട്ടുണ്ട്. ബാങ്കിന്റെ മൊത്തം ഇടപാടുകളിൽ ഏകദേശം 73 ശതമാനത്തോളം ഡിജിറ്റലായാണ് നടക്കുന്നത്. കനറാ ബാങ്ക് അടക്കമുള്ള മുൻനിര ബാങ്കുകളുടെ ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളിലും സമാനമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
കോവിഡിനെ തുടർന്ന് ഡിജിറ്റൽ പേമെന്റുകളിലും ഇരട്ടിയിലധികം വർധനയുണ്ടായിട്ടുണ്ട്. കടകളിലും ഇ-കൊമേഴ്‌സ് പർച്ചേസിനും വൈദ്യുതി ബില്ലടയ്ക്കുന്നതിനും ഫോൺ റീചാർജ് ചെയ്യുന്നതിനുമടക്കം പേടിഎമ്മും ഗൂഗിൾ പേയും പോലുള്ള ഓൺലൈൻ പേമെന്റ് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. 2021-ഓടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളിൽ നാല് മടങ്ങ് വർധനയുണ്ടാകുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.