ഇന്ത്യ നേരിടുന്നത് ഏറ്റവും വലിയ മാന്ദ്യം: ക്രിസിൽ

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) പത്ത് ശതമാനത്തോളം കോവിഡ് കാരണം നഷ്ടമാകും. അടുത്ത മൂന്ന് സാമ്പത്തിക വർഷവും കോവിഡിനു മുൻപുണ്ടായിരുന്ന വളർച്ചാ നിരക്കിലേക്ക് ഇന്ത്യ എത്താൻ സാധ്യതയില്ലെന്നും ക്രിസിൽ വ്യക്തമാക്കി.

https://www.mathrubhumi.com/polopoly_fs/1.1636751.1483761005!/image/image.jpg_gen/derivatives/landscape_894_577/image.jpg

കൊച്ചി: കോവിഡ്-19 പ്രതിസന്ധിയിൽ നടപ്പു സാമ്പത്തിക വർഷം ഇന്ത്യ അഭിമുഖീകരിക്കുന്നത് ഏറ്റവും കടുത്ത മാന്ദ്യമാണെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിൽ. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന നാലാമത്തെ മാന്ദ്യമാണിതെന്നും ഇന്ത്യയുടെ ജി.ഡി.പി. അവലോകന റിപ്പോർട്ടിൽ ക്രിസിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 69 വർഷത്തിനിടെ മൂന്നു തവണയാണ് (1958, 1966, 1980) ഇന്ത്യ മാന്ദ്യം നേരിട്ടത്. ഈ മൂന്നു തവണയും കാലവർഷം കാർഷിക മേഖലയിലുണ്ടാക്കിയ ആഘാതമായിരുന്നു മാന്ദ്യ കാരണം.

കോവിഡ് സാഹചര്യത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം അഞ്ച് ശതമാനം ചുരുങ്ങുമെന്നാണ് ക്രിസിലിന്റെ നിഗമനം.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ 25 ശതമാനം സങ്കോചം നേരിടേണ്ടി വരും. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) പത്ത് ശതമാനത്തോളം കോവിഡ് കാരണം നഷ്ടമാകും. അടുത്ത മൂന്ന് സാമ്പത്തിക വർഷവും കോവിഡിനു മുൻപുണ്ടായിരുന്ന വളർച്ചാ നിരക്കിലേക്ക് ഇന്ത്യ എത്താൻ സാധ്യതയില്ലെന്നും ക്രിസിൽ വ്യക്തമാക്കി.

ആദ്യ പാദത്തിൽ മാത്രമല്ല വരും പാദങ്ങളിലും നിലവിലെ പ്രതിസന്ധി തുടരും. കാർഷികേതരം, സേവനം, വിദ്യാഭ്യാസം, ട്രാവൽ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെല്ലാം കോവിഡ് ആഘാതമുണ്ടാകും. തൊഴിലവസരങ്ങളിലും വരുമാനത്തിലും ഇടിവുണ്ടാകുമെന്നും ക്രിസിൽ പറയുന്നു.