180 കേസുകളിൽ പ്രതി; കള്ളനെ കിട്ടിയത് പട്രോളിങ്ങിന്റെ ഇടയ്ക്ക് ബസ്‌സ്റ്റോപ്പിൽ

by

മലപ്പുറം∙ 180 മോഷണക്കേസുകളിലെ പ്രതി മലപ്പുറം കാളികാവ് പൊലീസിന്റെ പിടിയിലായി. വഴിക്കടവ് പുവ്വത്തിപ്പൊയിൽ സ്വദേശി വാക്കയിൽ അക്ബർ ആണ് അര്‍ധരാത്രി പൊലീസ് വലയിലായത്. പൊലീസിന്റെ രാത്രി പട്രോളിങ്ങിനിടെ പുലർച്ചെ 2നാണ് കറുത്തേനി ബസ് സ്റ്റോപ്പിൽ ആളെ കണ്ടത്. ചോദ്യം ചെയ്യലില്‍ കളളനാണന്ന് ബോധ്യമായി. കഴിഞ്ഞ ഫെബ്രുവരി 29ന് വെള്ളയൂർ ആക്കുംപാറയിലെ വാൽപ്പറമ്പൻ ആമിനയുടെ വീട്ടിൽ നിന്നു 17 പവന്‍ സ്വര്‍ണവും എഴുപതിനായിരം രൂപയും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. 

ആമിനയുടെ വീട്ടുകാർ ആശുപത്രിയിലായിരിക്കെയാണ് മോഷണം നടത്തിയത്. വാതിലിന്റെ പുട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് പ്രതി അകത്ത് കടന്നത്‌. പൊലീസ് സ്റ്റേഷനിൽ‍‌‍ വച്ച് വിശദമായി ചോദ്യം ചെയ്തതോടെ മേഖലയിലെ ഒട്ടേറെ മോഷണക്കേസുകള്‍ക്കാണു തുമ്പുണ്ടായത്. മാസങ്ങൾക്ക് മുമ്പ് വെള്ളയൂരിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ നിന്ന് 40,000 രൂപയും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു.

നിലവില്‍ അന്വേഷണം നടക്കുന്ന ആറു കേസുകള്‍ക്കാണ് ഇതോടെ തുമ്പായത്. കരുവാരക്കുണ്ട് ,വഴിക്കടവ്, കാളികാവ് പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്ക് 180 ല്‍ ഏറെ കേസുകളുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

English Summary : Thief arrested during police patrolling