ലഡാക്കില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍; സേനാ ബലം വര്‍ധിപ്പിച്ച് ഇന്ത്യ

https://www.mathrubhumi.com/polopoly_fs/1.4787244.1590549774!/image/image.jpg_gen/derivatives/landscape_894_577/image.jpg
ഫയൽ ചിത്രം

ന്യൂഡല്‍ഹി: ചൈനീസ് സൈന്യം അംഗബലം വര്‍ധിപ്പിച്ചതിന് പിന്നാലെ ലഡാക്കില്‍ ഇന്ത്യയും സൈനിക ബലം വര്‍ധിപ്പിച്ചു. തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓള്‍ഡിയിലെ പാലത്തിന് സമീപമുള്ള ഇന്ത്യയുടെ സൈനിക പോസ്റ്റിന് സമീപമാണ് കൂടുതല്‍ സൈനികരെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കാരക്കോറം ചുരത്തിലെ അവസാനത്തെ സൈനിക പോസ്റ്റാണ് ഇവിടം.

ചൈനീസ് സൈന്യത്തെ ഇന്ത്യയുടെ മണ്ണിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നീക്കം. 

പ്രധാനമന്ത്രി നരേന്ദ്രമോദി  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തുമായും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തിയില്‍ സേനവിന്യാസം ശക്തമാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. 

നിലവില്‍ ആയിരക്കണക്കിന് ഇന്ത്യന്‍- ചൈനീസ് സൈനികര്‍  മുഖത്തോട് മുഖം നില്‍ക്കുന്നതിന് തുല്യമായ സാഹചര്യത്തില്‍ കൂടിയാണ് കടന്ന് പോകുന്നത്. 

നിയന്ത്രണ രേഖയില്‍ നിലവില്‍ തുടരുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ് ചൈനയുടെ  ലക്ഷ്യം. ഇന്ത്യ ഇവിടെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ദര്‍ബുക്-ഷൈക്- ദൗലത് ബേഗ് ഓള്‍ഡി റോഡ് നിര്‍മാണം തടയുക എന്നതാണ് ചൈനയുടെ ശ്രമം. ഇന്ത്യയ്ക്ക് സൈനികമായി മേല്‍കൈ നല്‍കുന്ന റോഡ് നിര്‍മാണം പൂര്‍ത്തിയാകാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും സേനാ വൃത്തങ്ങള്‍ പറയുന്നു. 

ലഡാക്കില്‍ ചൈന 5,000 സൈനികരെ വിന്യസിച്ചിട്ടുണ്ടാകാമെന്നാണ് ഇന്ത്യന്‍ സൈന്യം കണക്കുകൂട്ടുന്നത്. ദോക്ലാം സംഘര്‍ഷത്തിന് സമാനമായ സാഹചര്യത്തിലേക്കാണ് ലഡാക്കില്‍ കാര്യങ്ങള്‍ പോകുന്നത്. 

അതേസമയം ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു.  ഏറ്റവും മോശപ്പെട്ട സാഹചര്യത്തെ മുന്നില്‍ കണ്ട് രാജ്യത്തിന്റെ പരമാധികാരം ദൃഢനിശ്ചയത്തോടെ സംരക്ഷിക്കണമെന്നും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഷീ ജിന്‍ പിങ് നിര്‍ദ്ദേശം നല്‍കി. അതേസമയം ഏതെങ്കിലുമൊരു പ്രത്യക ഭീഷണിയേപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല.

ഏറ്റവും മോശപ്പെട്ട പ്രതിസന്ധികളെ മുന്നില്‍ കാണാനും അതിനനുസരിച്ച് പരിശീലനവും യുദ്ധസന്നദ്ധതയും വര്‍ധിപ്പിക്കണമെന്ന് സൈന്യത്തോട് ഷി ജിന്‍പിങ് ആവശ്യപ്പെട്ടു. എല്ലാത്തരം സങ്കീര്‍ണ്ണമായ സാഹചര്യങ്ങളും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യുകയും ദേശീയ പരമാധികാരം, സുരക്ഷ, വികസന താല്‍പ്പര്യങ്ങള്‍ എന്നിവ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Content Highlights: India has decided to hold firm on the border standoff with China along LAC in Ldak