സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്‍; ഗ്ലിന്‍ പാര്‍ഡോ ഓര്‍മയായി
1962 മുതല്‍ 1976 വരെ നീണ്ടുനിന്ന 14 വര്‍ഷത്തെ കരിയറില്‍, പാര്‍ഡോ തന്റെ ഏക ക്ലബ്ബായ മാഞ്ചെസ്റ്റര്‍ സിറ്റിക്കായി 380 മത്സരങ്ങളില്‍ ബൂട്ടുകെട്ടി
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ മുന്‍ താരം ഗ്ലിന്‍ പാര്‍ഡോ (73) അന്തരിച്ചു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയ താരമായിരുന്നു പാര്‍ഡോ. ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
1962-ല്‍ വെറും 15 വര്‍ഷവും 341 ദിവസവും പ്രായമുള്ളപ്പോള്‍ ബര്‍മിങ്ങാം സിറ്റിക്കെതിരെയാണ് പാര്‍ഡോ അരങ്ങേറ്റ മത്സരം കളിച്ചത്. പ്രതിരോധനിര താരമായിരുന്നു. 1960-കളില്‍ ജോ മെര്‍സറിന്റെയും മാല്‍ക്കം ആലിസന്റെയും ടീമുകളിലെ അവിഭാജ്യഘടകമായിരുന്നു പാര്‍ഡോ.
ഗോള്‍ നേടാന്‍ ഇഷ്ടപ്പെട്ടിരുന്ന ഡിഫന്‍ഡറായാണ് പാര്‍ഡോയെ സഹകളിക്കാര്‍ ഓര്‍ക്കുന്നത്. 1962 മുതല്‍ 1976 വരെ നീണ്ടുനിന്ന 14 വര്‍ഷത്തെ കരിയറില്‍, പാര്‍ഡോ തന്റെ ഏക ക്ലബ്ബായ മാഞ്ചെസ്റ്റര്‍ സിറ്റിക്കായി 380 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 22 ഗോളുകളും സ്വന്തമാക്കി.
സിറ്റിക്കൊപ്പം 1968-ലെ ലീഗ് കിരീടം, 1969-ലെ എഫ്എ കപ്പ് കിരീടം, 1970-ലെ ലീഗ് കപ്പ് കിരീടം എന്നിവ നേടി. 1970-ല്‍ വെംബ്ലിയില്‍ വെസ്റ്റ് ബ്രോമിനെതിരേ നടന്ന ലീഗ് കപ്പ് ഫൈനലില്‍ ഗോള്‍ നേടി. അതേ വര്‍ഷം തന്നെ അതേവര്‍ഷം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ജോര്‍ജ് ബെസ്റ്റുമായുള്ള ടാക്കിളിനിടെ ഗുരുതരമായി പരിക്കേറ്റ പാര്‍ഡോ പിന്നീട് രണ്ടു വര്‍ഷം കളിത്തിലിറങ്ങിയില്ല.
ദേശീയ ടീമില്‍ അവസരം ലഭിക്കാത്ത ഏറ്റവും മികച്ച ഇംഗ്ലണ്ട് താരമെന്നാണ് പാര്‍ഡോ അറിയപ്പെടുന്നത്.
Content Highlights: Former Manchester City Player Glyn Pardoe Dies At 73