ട്രംപിന്റെ ട്വീറ്റിന് 'ഫാക്ട് ചെക്ക്' മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചില ട്വീറ്റുകള്‍ക്ക് വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍. ഇതാദ്യമാണ് ഇത്തരമൊരു സംഭവം. മെയില്‍ ഇന്‍ ബാലറ്റുകളെ 'വഞ്ചന' എന്ന് വിളിക്കുകയും മെയില്‍ ബോക്‌സുകള്‍ കവരുമെന്ന് പ്രവചിക്കുകയും ചെയ്ത രണ്ട് ട്വീറ്റുകള്‍ക്കാണ് ട്വിറ്റര്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ട്രംപിന്റെ ട്വീറ്റുകള്‍ക്ക് താഴെ മെയില്‍ ഇന്‍ ബാലറ്റുകളെ കുറിച്ചുള്ള വസ്തുകള്‍ അറിയാം എന്നാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ലിങ്ക് തുറക്കുമ്പോള്‍ ട്രംപിന്റെ അടിസ്ഥാന രഹിതമായ അവകാശവാദങ്ങളെ കുറിച്ചുള്ള വസ്തുതാ പരിശോധനകളും വാര്‍ത്തകളും ഉള്‍ക്കൊള്ളുന്ന ഒരു പേജാണ് തുറന്നുവരുന്നത്.
വോട്ട് ബൈ മെയില്‍ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ട്വീറ്റര്‍ ഇതിനോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പു വേളകളില്‍ ആളുകളെ ഭയപ്പെടുത്താനോ തടയാനോ ഉദ്ദേശിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടുന്നത് ട്വിറ്റര്‍ നയം വിലക്കുന്നുണ്ട്.
ട്വിറ്റര്‍ 2020 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്നും. പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഇതിന് അനുവദിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ഇതിനോട് പ്രതികരിച്ചു. ട്വിറ്ററിന് വ്യക്തമായ രാഷ്ട്രീയ പക്ഷപാതമുണ്ടെന്നും മാസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പരസ്യങ്ങളെല്ലാം പിന്‍വലിപ്പിച്ചുവെന്നും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജര്‍ ബ്രാഡ് പാര്‍സ്‌കേല്‍ പറഞ്ഞു.
Content Highlights: Twitter fact-checks Trump tweet for the first time