കാലവര്‍ഷം; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപനം ഉണ്ടായാല്‍ പ്രളയബാധിത പ്രദേശത്തുള്ളവരെ ദുരിതാശ്വാസക്യാംപുകളിലേക്ക് മാറ്റാന്‍ നിര്‍ദേശം

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398771/flood.gif

പാലക്കാട്: കാലവര്‍ഷം കൂടി എത്തുന്നതോടെ ഒരുപക്ഷേ സംസ്ഥാനം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങിയേക്കാം. കാലവര്‍ഷത്തില്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ പ്രളയബാധിത പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസക്യാംപുകളിലേക്കു മാറ്റും. പുറംപോക്കില്‍ താമസിക്കുന്നവര്‍, കോളനികള്‍, പുഴയോരത്തും വയല്‍ക്കരയിലും താമസിക്കുന്നവര്‍, ദുരന്തനിവാരണ ഫണ്ടില്‍ വീടുനിര്‍മാണം പൂര്‍ത്തിയാകാത്തവര്‍, വാസയോഗ്യമല്ലെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ദുരന്തനിവാരണ അതോറിറ്റി എന്നിവര്‍ കണ്ടെത്തിയ സ്ഥലത്തുള്ളവരെയുമാണ് ദുരിതാശ്വാസ ക്യാംപുകളിലേക്കു ആദ്യം മാറ്റുക.

കോവിഡിനെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാനം. ക്യാംപുകളിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടിക തയ്യാറാക്കി മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ മാത്രമേ ക്യാംപുകളിലെത്തിക്കാവൂ എന്നും നിര്‍ദേശമുണ്ട്. കുടുംബമായി ക്യാംപിലെത്തുന്നവര്‍ക്ക് ഒന്നിച്ചുകഴിയാനുള്ള സാഹചര്യം ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍, യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍തന്നെ തദ്ദേശ, റവന്യൂസ്ഥാപനങ്ങള്‍ ഇതിനു തയാറായിരിക്കണമെന്നാണ് നിര്‍ദേശം.

കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവരെ പരമാവധി ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ താമസ സ്ഥലത്തും പോകാന്‍ പ്രോത്സാഹിപ്പിക്കണം. 60 വയസിനുമുകളിലുള്ളവര്‍, കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍, ഹോം ക്വാറന്റീനിലുള്ളവര്‍, പൊതുവായ കുടുംബങ്ങള്‍ എന്നിങ്ങനെ 4 തരം ക്യാംപുകള്‍ ഒരുക്കാനാണ് തീരുമാനമെങ്കിലും പല സ്ഥലങ്ങളും പ്രളയബാധിത പ്രദേശമായതിനാല്‍ ഇതു പ്രായോഗികമല്ലെന്നു വിമര്‍ശനമുണ്ട്. ക്യാംപുകളില്‍ എത്തുന്നവര്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും ഉത്തരവില്‍ പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്.