ചെന്നൈ-കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരന് കോവിഡ്; ക്രൂ അംഗങ്ങളെ ക്വാറന്റീനിലാക്കി

https://www.mathrubhumi.com/polopoly_fs/1.4716735.1588560647!/image/image.jpg_gen/derivatives/landscape_894_577/image.jpg

ചെന്നൈ: ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ച ആദ്യം ദിവസം തന്നെ ഇന്‍ഡിഗോ വിമാനത്തില്‍ കയറിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ-കോയമ്പത്തൂര്‍ വിമാനത്തിലാണ് രോഗബാധിതനായ ആള്‍ യാത്ര ചെയ്തത്. ഇതോടെ മറ്റു യാത്രക്കാരേയും കൊറോണ പരിശോധനക്ക് വിധേയരാക്കി. 93 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. 

ഫെയ്‌സ് മാസ്‌ക്, ഷീല്‍ഡ്, കയ്യുറകള്‍ എന്നിവയുള്‍പ്പടെ ധരിച്ചാണ് രോഗബാധിതനായ ആള്‍ വിമാനത്തിലിരുന്നത്. സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വ്യാപനം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഇന്‍ഡിഗോ അറിയിച്ചു. 

അതേ സമയം വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെ 14 ദിവസത്തേക്ക് ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെയ് 25-ന് വൈകുന്നേരം 6ഇ 381 വിമാനത്തില്‍ ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വന്ന  യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതെന്നും ഇന്‍ഡിഗോ അറിയിച്ചു.

ആഭ്യന്തര വിമാനസര്‍വീസ് തിങ്കളാഴ്ച ആരംഭിച്ചതിന് ശേഷം യാത്രക്കാരന് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യ സംഭവമാണ്.

Content Highlights: Passenger on Chennai-Coimbatore IndiGo Flight Tests Positive For corona,Crew Members Grounded for 14