ലഡാക്കിനടുത്തുള്ള വ്യോമ താവളം ചൈന വികസിപ്പിക്കുന്നു; റണ്‍വേയില്‍ യുദ്ധവിമാനങ്ങള്‍
ന്യൂഡല്‍ഹി: സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന ലഡാക്കിന് സമീപത്തുള്ള വ്യോമ താവളം ചൈന വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് അഞ്ച്, ആറ് തിയതികളിലായി ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയ പാങ്കോങ് തടാകത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നത്. എന്‍.ഡി.ടിവിയാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്റലിജന്‍സ് വിദഗ്ദ്ധരായ ഡിട്രെസ്ഫയില്‍ നിന്നാണ് രണ്ടു സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭിച്ചിരിക്കുന്നത്. ടിബറ്റിലെ എന്‍ഗാരി ഗുന്‍സ വിമാനത്താവളത്തിന്റെ ചിത്രങ്ങളാണിത്. ഏപ്രില്‍ ആറിനും മെയ് 21 നും എടുത്തതാണീ ചിത്രങ്ങള്‍. ഈ വര്‍ഷത്തില്‍ വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഇറക്കുന്നതിനായി രണ്ടാം ടാക്‌സി ട്രാക്കും നിർമിച്ച് വരികയാണ്.
വിമാനത്താവളത്തിലെ പ്രധാന റണ്‍വേയുടെ ക്ലോസപ്പ് കാണിക്കുന്ന ഒരു മൂന്നാം ചിത്രം കൂടിയുണ്ട്. ചൈനീസ് വ്യോമസേനയുടെ നാല് യുദ്ധവിമാനങ്ങളും നിരയായി കിടക്കുന്നത് കാണാം. ജെ-11 അല്ലെങ്കില്‍ ജെ-16 വിമാനങ്ങളാണ് ഇതെന്നാണ് സൂചന. റഷ്യന്‍ സുഖോയ്27 വിമാനങ്ങളുടെ വകഭേദമാണ് ജെ-11, ജെ-16 വിമാനങ്ങള്‍. ഇവ ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള സുഖോയ്30 വിമാനങ്ങളുമായും പൊരുത്തപ്പെടുന്നവയാണ്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്തുള്ള വ്യോമത്താവളങ്ങളിലൊന്നാണ് എന്‍ഗാരി ഗുന്‍സ വ്യോമത്താവളം.
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്, മൂന്ന് സേനാവിഭാഗങ്ങളുടേയും മേധാവികള്‍ എന്നിവരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
Content Highlights: China Expands Airbase Near Ladakh-Fighter Jets On runway