ഉത്രയുടെ ചികിത്സയ്ക്ക് ചെലവായത് 10 ലക്ഷം; ‘സൂരജിന്റെ ലക്ഷ്യം പണം മാത്രം’...
by മനോരമ ലേഖകൻഅഞ്ചൽ ∙ ‘കാര്യ ശേഷിയില്ലാത്ത പെണ്ണ്’ എന്ന കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും ഭർതൃസഹോദരിയിൽ നിന്നും നിരന്തരം കേൾക്കേണ്ടി വന്നതായി നേരത്തേ ഉത്രയുടെ വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു. ഭർത്താവ് സൂരജിൽ നിന്നു പലപ്പോഴും ലഭിച്ചത് അവഗണന. പകലന്തിയോളം വീട്ടിലെ കാര്യങ്ങൾ നോക്കിയാലും കുറ്റപ്പെടുത്തലിനു കുറവുണ്ടായില്ല. ഇവരുടെ സാമ്പത്തിക ആവശ്യങ്ങൾ നേടാനുള്ള വഴിയായി ഉത്രയെ കാണുകയും ചെയ്തതോടെ കുടുംബ ജീവിതം കലുഷിതമായി.
കുഞ്ഞു ജനിക്കുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിൽ ജീവിച്ച ഉത്രയ്ക്കു സമാനതകളില്ലാത്ത അന്ത്യമാണു ഭർത്താവ് സമ്മാനിച്ചത്. വിവാഹത്തിന് ഉത്രയ്ക്കു മാതാപിതാക്കൾ സമ്മാനമായ നൽകിയ നല്ലൊരു തുകയും കാറും, 100 പവനോളം വരുന്ന സ്വർണാഭരണങ്ങളും സ്വന്തമാക്കാൻ പല വഴികൾ നോക്കി. പിതാവിനു ജോലിയില്ലാത്തതിനാൽ ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകണമെന്നു സൂരജ് നിർബന്ധം പിടിച്ച് ഉത്രയെ വിഷമത്തിലാക്കി.
ഇതേച്ചൊല്ലി ഭർതൃമാതാവും സഹോദരിയും നിരന്തരം ഉത്രയെ ബുദ്ധിമുട്ടിച്ചു. മകളുടെ വിഷമം മനസ്സിലാക്കിയ ഉത്രയുടെ മാതാപിതാക്കൾ 3 ലക്ഷത്തോളം രൂപ മുടക്കി സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങി നൽകി. വീട് പുതുക്കി പണിയണമെന്നായി അടുത്ത ആവശ്യം . മകളുടെ സന്തോഷകരമായ ജീവിതത്തെ കരുതി അതും ഉത്രയുടെ വീട്ടുകാർ പരിഹരിച്ചു. ഭർതൃസഹോദരുടെ ഉപരിപഠനത്തിനു പണം വേണമെന്നു പറഞ്ഞു വീണ്ടും മാനസിക പീഡനം തുടങ്ങി. അതിനും നല്ലൊരു തുക ഉത്രയുടെ വീട്ടിൽനിന്നു നൽകി.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കാൻ ആകില്ലെന്നു പറഞ്ഞ് സൂരജ് വഴക്കുണ്ടാക്കുക പതിവായി. ഉത്രയുടെ കുടുംബജീവിതം ഉലയുന്നതു കണ്ട് മാതാപിതാക്കൾ അതിനും പരിഹാരം കണ്ടു. മാസം 8000 രൂപ വീതം സൂരജിനു നൽകി. ചെറുതും വലുതുമായി തുകകൾക്കായി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കി വലച്ചു. ഇതിനിടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ നല്ലൊരു പങ്ക് ഉത്ര അറിയാതെ സൂരജ് കൈക്കലാക്കിയെന്നു വ്യക്തമായി. ആദ്യം ഉത്രയ്ക്ക് പാമ്പു കടിയേറ്റ മാർച്ച് 2നു ലോക്കർ തുറന്നതായും പൊലീസ് കണ്ടെത്തി.
‘സൂരജിന്റെ ലക്ഷ്യം പണം മാത്രം’
വീട്ടിലെ ഏകമകൾ, ഇളയകുട്ടി... ഈ പരിഗണനകളെല്ലാം ഏറ്റുവാങ്ങിയാണ് ഉത്ര അഞ്ചൽ ഏറത്തെ വീട്ടിൽ വളർന്നത്. ‘എനിക്ക് അവളല്ലേയുള്ളൂ... അവൾ നന്നായി ജീവിക്കണമെന്നു മാത്രമായിരുന്നു ഞങ്ങളുടെയൊക്കെ ആഗ്രഹം...’ ഉത്രയുടെ സഹോദരൻ വിഷു പറയുന്നു. മാർച്ച് 2ന് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ വിവരമറിഞ്ഞാണു ബെംഗളൂരിൽ ജോലി ചെയ്യുന്ന വിഷു സഹോദരിയെ കാണാനായി പിറ്റേന്നു തന്നെ നാട്ടിലെത്തിയത്. ഉത്ര ചികിത്സയിൽ കഴിയുന്ന തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കാണു വിഷു എത്തിയത്.
പിന്നീടു ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഏറത്തെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു വിഷു. സൂരജിന്റെ കുടുംബത്തിൽ ഉത്രയ്ക്ക് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു സഹോദരൻ വിഷു പറയുന്നു: ‘വിവാഹശേഷം രണ്ടോ മൂന്നോ മാസങ്ങൾക്കകം തന്നെ സൂരജ് വീട്ടിൽ നിന്നു പണം വാങ്ങുന്നതിനായി ഉത്രയെ നിർബന്ധിച്ചു തുടങ്ങി. സൂരജിനും അച്ഛനും വാഹനം വാങ്ങുന്നതു മുതൽ അനുജത്തിയുടെ പഠനചെലവിനു വരെ ആവശ്യങ്ങളായി. പണം നൽകിയില്ലെങ്കിൽ അവളെ അവർ വീണ്ടും നിർബന്ധിച്ചുകൊണ്ടേയിരുന്നു.
ഉത്ര ആ വീട്ടിൽ സന്തോഷമായി കഴിയണം എന്ന ആഗ്രഹത്താലാണ് അവർ ആവശ്യപ്പെട്ട പണമെല്ലാം നൽകിയത്. പണമായി മാത്രം 15 ലക്ഷത്തോളം രൂപ നൽകി. വാഹനങ്ങളും വീട്ടിലേക്കുള്ള മറ്റു വസ്തുക്കളും വേറെയും. എല്ലാ മാസവും 8000 രൂപ വീതം വേറെയും നൽകിയിരുന്നു. അവിടെ പ്രശ്നങ്ങളുണ്ടാകുമ്പോൾ പലതവണ ഞങ്ങൾ ചെന്നു മധ്യസ്ഥത പറഞ്ഞു പ്രശ്നം പരിഹരിച്ചിരുന്നു. പിന്നീടു കുറച്ചു നാളുകൾക്കു മുൻപാണ് സൂരജിനും കുടുംബത്തിനും പണം മാത്രമാണു ലക്ഷ്യം എന്നു മനസ്സിലായത്.
ഇക്കഴിഞ്ഞ ജനുവരിയിൽ ഭർത്താവിന്റെ വീട്ടുകാർ ഉത്രയോടു വീണ്ടും വഴക്കിട്ടു. അതോടെ ഉത്രയെ വീട്ടിലേക്കു മടക്കിക്കൊണ്ടു വരുന്നതിനായി അച്ഛനും അമ്മയും ബന്ധുവും അടൂരിലെ വീട്ടിലേക്കു പോയി. അവളോടു ബാഗ് പാക്ക് ചെയ്ത്, വീട്ടിലേക്കു വരുന്നതിനു തയാറായി ഇരിക്കണമെന്നു പറഞ്ഞിരുന്നു. അന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം അവളും കുഞ്ഞും പോരാൻ ഇറങ്ങിയതുമാണ്. എന്നാൽ, ഉത്രയെ കൊണ്ടുപോകരുതെന്നു സൂരജ് നിർബന്ധം പിടിച്ചു. അവൾക്കിനി ഒരു പ്രശ്നവും ഇല്ലാതെ നോക്കാമെന്നു വാക്കു നൽകിയാണ് അവളെ ആ വീട്ടിൽ തന്നെ നിർത്തിയത്. പിന്നീടാകണം സൂരജ് എല്ലാ ആസൂത്രണവും നടപ്പാക്കിയത്.
ചികിത്സയ്ക്ക് ചെലവായത് 10 ലക്ഷം
ഉത്രയ്ക്ക് ആദ്യം പാമ്പു കടിയേറ്റപ്പോൾ നടത്തിയ ചികിത്സയ്ക്ക് ആദ്യം ചെലവായത് 10 ലക്ഷത്തോളം രൂപ. ഇതു പൂർണമായും നൽകിയത് ഉത്രയുടെ കുടുംബമായിരുന്നു. ആകെ 52 ദിവസം നീണ്ട ആശുപത്രി വാസത്തിൽ 15 ദിവസത്തോളം ഉത്ര തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആശുപത്രി ബിൽ മാത്രം 6 ലക്ഷം രൂപയോളം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. മറ്റു ചെലവുകൾക്കായാണ് 4 ലക്ഷം രൂപ ഉപയോഗിച്ചത്. എന്നാൽ, ഇക്കാര്യത്തിലൊരു പിന്തുണയും സൂരജിന്റെ കുടുംബാംഗങ്ങളിൽ നിന്നുണ്ടായിട്ടില്ലെന്നും ഉത്രയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.