അമ്മയില്ലാത്ത വീട്ടിലേക്ക്, ക്രൂരതകളറിയാതെ ധ്രുവ്: ആദ്യം അമ്പരന്നു, പിന്നെ പാൽപ്പുഞ്ചിരി
by മനോരമ ലേഖകൻകൊല്ലം/പത്തനംതിട്ട ∙ ആദ്യം അമ്പരന്നു, പിന്നീട് കുഞ്ഞ് ധ്രുവിന്റെ മുഖത്തു പാൽപ്പുഞ്ചിരി വിടർന്നു. ആ പുഞ്ചിരി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും മുഖങ്ങളിലേക്ക്. കണ്ടുനിന്നവരുടെ കണ്ണുകളിൽ നനവ്...
അമ്മ പോയതറിയാതെ, അച്ഛന്റെ ക്രൂരതയുടെ കഥയറിയാതെ അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിലേക്കെത്തിയ ഒരു വയസ്സുകാരൻ ധ്രുവ് ഇനി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കരുതലിൽ വളരും. മൂർഖൻ പാമ്പിന്റെ കടിയേറ്റ്, ക്രൂരതയ്ക്കിരയായി മരിച്ച ഉത്രയുടെ മകനെ ഇന്നലെ ഉച്ചയോടെയാണ് അഞ്ചൽ പൊലീസ് ഉത്രയുടെ വീട്ടിൽ എത്തിച്ചത്.
ഉത്രയുടെ മരണത്തിനു പിന്നാലെ ഭർത്താവ് സൂരജ്, കുട്ടിയെ അടൂരിലെ തന്റെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു. ശിശുക്ഷേമസമിതിയുടെ ഉത്തരവിന്റെ ബലത്തിലായിരുന്നു ഇത്. കേസിൽ സൂരജ് അറസ്റ്റിലായതോടെ കുട്ടിയുടെ സംരക്ഷണം പിതാവിന്റെ വീട്ടിൽ സുരക്ഷിതമല്ലെന്നു കണ്ട് കൊല്ലം ശിശുക്ഷേമ സമിതി മുൻ ഉത്തരവ് റദ്ദാക്കി, കുട്ടിയെ കൈമാറാൻ നിർദേശിച്ചു. കുട്ടിയെ വിട്ടുകിട്ടാൻ ഉത്രയുടെ മാതാപിതാക്കൾ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചൽ പൊലീസ് സൂരജിന്റെ വീട്ടിൽ എത്തിയെങ്കിലും കുട്ടിയെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ അടൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി കുട്ടിയെ വിട്ടുകൊടുക്കാതിരിക്കുന്നത് കുറ്റമാണെന്നു ബോധ്യപ്പെടുത്തി. ഇതോടെയാണ് ബന്ധുവീട്ടിൽ നിന്നു കുട്ടിയെ തിരികെ കൊണ്ടുവന്നത്. സൂരജിന്റെ പിതാവ് സുരേന്ദ്രനൊപ്പം കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് അഞ്ചലിലെ വീട്ടിലേക്കു കൊണ്ടുപോയത്.
English Summary: Dhruv, son of Uthra reaches home